വ്യവസായി ഭാര്യയെ കൊന്നതിന് ശേഷം വിമാനത്തില്‍ കൊല്‍ക്കത്തയിലെത്തി ഭാര്യാമാതാവിനെയും കൊന്നു

കൊല്‍ക്കത്ത: ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന വ്യവസായി ഭാര്യയേയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ വച്ച് ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം വിമാനത്തില്‍ കൊല്‍ക്കത്തയിലെത്തിയാണ് ഇയാള്‍ ഭാര്യാമാതാവിനെ വെടിവച്ചു കൊന്നത്. ഭാര്യാപിതാവ് ഓടിരക്ഷപെട്ടു. തുടര്‍ന്ന് വ്യവസായി സ്വയം വെടിവച്ചു മരിച്ചു.

നാല്‍പത്തിരണ്ടുകാരനായ വ്യവസായി അമിത് അഗര്‍വാള്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഭാര്യ ശില്‍പി ധന്‍ധാനിയയില്‍നിന്ന് അകന്നു കഴിയുകയായിരുന്നു. വിവാഹമോചനത്തിനുള്ള നടപടികള്‍ നടക്കുകയുമാണ്. ഇവര്‍ക്ക് പത്തുവയസ്സുള്ള മകനുണ്ട്. മകന്‍ സുരക്ഷിതനാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച 5.30 ഓടെയാണ് അമിത് ഫൂര്‍ബഗാന്‍ മേഖലയിലുള്ള ഭാര്യവീട്ടില്‍ എത്തിയത്. 70 വയസ്സുള്ള ഭാര്യപിതാവുമായി ഇയാള്‍ തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഭാര്യാമാതാവ് ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചതോടെ വെടിയുതിര്‍ക്കുകയായിരുന്നു
പൊലീസുകാര്‍ സ്ഥലത്തെത്തിയപ്പോള്‍ ഭാര്യാമാതാവും വ്യവസായിയും രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണു കണ്ടത്. സമീപത്തായി ആത്മഹത്യക്കുറിപ്പുമുണ്ടായിരുന്നു. ബെംഗളൂരുവിലുള്ള ഭാര്യ ശില്‍പിയെ കൊലപ്പെടുത്തിയതായി ഇതില്‍ കുറിച്ചിരുന്നു. കത്തിന്റെ അടസ്ഥാനത്തില്‍ കൊല്‍ക്കത്ത പൊലീസ് ബെംഗളൂരുവില്‍ അറിയിക്കുകയും തിരച്ചിലില്‍ ഭാര്യയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

SHARE