നവംബര്‍ ഒന്ന് മുതല്‍ അനിശ്ചിതകാല ബസ് സമരം

തൃശൂര്‍: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ ഒരു വിഭാഗം നവംബ ര്‍ ഒന്നുമുതല്‍ സര്‍വീസ് നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം നടത്തും.
കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മിനിമം ചാര്‍ജ് 10 രൂപയാക്കുക, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററായി നിലനിര്‍ത്തുക, വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് അഞ്ചു രൂപയും യാത്രാ നിരക്ക് രാമചന്ദ്രന്‍ കമ്മീഷന്‍ നിശ്ചയിച്ച 25 ശതമാനവും ആക്കുക, കിലോമീറ്റര്‍ നിരക്കില്‍ കാലോചിതമായ വര്‍ധന ഏര്‍പ്പെടുത്തുക, ബസുകള്‍ക്ക് ഡീസല്‍ വിലയില്‍ സബ്‌സിഡി ഏര്‍പ്പെടുത്തുക, വാഹന നികുതി ഒഴിവാക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.
സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ പകുതിയോളം തങ്ങളുടെ സംഘടനയക്കു കീഴിലുണ്ടെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പണിമുടക്കിന് മുന്നോടിയായി ഇന്ന് വൈകീട്ട് അഞ്ചിന് തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ വിശദീകരണ യോഗം നടക്കുമെന്നും ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഫോറം പ്രസി. നൗഷാദ് ആറ്റുപറമ്പത്ത്, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ട്രഷറര്‍ വി എസ് പ്രദീപ്, ടിവി വര്‍ഗീസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

SHARE