സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; പരിഹാരമായത് മുഖ്യമന്ത്രി ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍

തിരുവനന്തപുരം: കഴിഞ്ഞ നാലു ദിവസമായി നടന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് സമരം പിന്‍വലിച്ചത്. വിദ്യാര്‍ത്ഥികളുടെ നിരക്ക് വധിപ്പിക്കണമെന്ന് ബസ് ഉടമകളുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചില്ല. അതേസമയം, വിദ്യാര്‍ഥികളുടെ മിനിമം നിരക്കായ ഒരു രൂപയില്‍ മാറ്റം വന്നില്ലെങ്കിലും വിദ്യാര്‍ത്ഥികളുടെ നിരക്കില്‍ കാര്യമായ മാറ്റം വന്നെതായും ബസ് ഉടമകള്‍ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ബസ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ബസ് ഉടമകള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. സമരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കം കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയോടെയാണ് സമരം നിര്‍ത്തിവെക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്.

അതേസമയം വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്ന് സര്‍്ക്കാര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ നിരക്കു വര്‍ധിപ്പിക്കാന്‍ ആകില്ലെന്നും ഇക്കാര്യം ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്നുമാണ് ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്.

എന്നാല്‍ വിദ്യാര്‍ഥികളുടെ നിരക്കു വര്‍ധന പിന്നീട് പരിഗണിക്കാമെന്നും ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന ചെവിക്കൊണ്ടാണ് സമരം നിര്‍ത്തിവെച്ചതെന്നും ബസ് ഉടമകള്‍ അറിയിച്ചു. സമരം പിന്‍വലിച്ചതിലെ ചൊല്ലി ബസ് ഉടമകള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയ്ക്കു ശേഷമാണ് ബസ് ഉടമകള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്.
നേരത്തെ സമരം തുടരുന്നതിനെക്കുറിച്ചും ബസ് ഉടമകള്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. സമരത്തില്‍ പങ്കെടുക്കാതെ ചിലയിടങ്ങളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയതും തര്‍ക്കത്തിന് കാരണായി. ബസ്‌ നിരക്കില്‍ വര്‍ധന വരുത്താനും കുറഞ്ഞ നിരക്ക് എട്ടു രൂപയാക്കാനും നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കുറഞ്ഞ നിരക്ക് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക്‌ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകൾ സമരത്തിന് ഇറങ്ങിത്തിരിച്ചത്.

മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബസ് ഉടമകളെ കണ്ടത്. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും പങ്കെടുത്തു. ബസുടമകള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങുമെന്ന് അറിയിച്ചെങ്കിലും ഇന്നലെ തീരുമാനം പിന്‍വലിച്ചിരുന്നു.