തിരുവനന്തപുരം: കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ബസ് സര്‍വീസുകള്‍ നിറുത്തിവയ്ക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബസ് സര്‍വീസ് നിറുത്തിവയ്ക്കുന്നതാണ് നല്ലതന്നെ നിലപാടാണ് ഗതാഗത വകുപ്പിനുള്ളത്. ഇക്കാര്യം ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന് അറിയിക്കും. അന്തിമതീരുമാനം മന്ത്രിസഭ കൈക്കൊള്ളും.
ആഗസ്റ്റ് അവസാന വാരം മുതല്‍ സെപ്തംബര്‍ അവസാനം വരെ സംസ്ഥാനത്ത് രോഗ വ്യാപനം കുത്തനെ വര്‍ദ്ധിക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിഗമനം. അതു ശരിവയ്ക്കുന്ന തരത്തിലാണ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുന്നതും. ഈ സാഹചര്യത്തില്‍ പൊതുഗതാഗതം മുന്നോട്ടുകൊണ്ടു പോയാല്‍ കൂടുതല്‍ രോഗികളെ സൃഷ്ടിക്കലാകും ഫലമെന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തല്‍. രോഗവ്യാപനം കൂടിയപ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ബസ് സര്‍വീസുകള്‍ പൂര്‍ണമായും നിറുത്തിവച്ചിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ബസിനെ ആശ്രയിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും മാത്രമായി സ്പെഷ്യല്‍ സര്‍വീസ് നടത്തിയാല്‍ മതിയെന്ന ആലോചനയും ഗതാഗത വകുപ്പിനുണ്ട്.
യാത്രക്കാര്‍ കുറവ് വരുമാനവും
മറ്റ് നിവൃത്തിയില്ലാത്തവര്‍ മാത്രമാണ് ഇപ്പോള്‍ ബസില്‍ കയറുന്നത്. മാത്രമല്ല,? ദിവസം കഴിയുന്തോറും കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണം കൂടുകയാണ്. കെ.എസ്.ആര്.ടി.സിയുടെ 28 ഡിപ്പോകള്‍ ഈ കാരണത്താല്‍ പൂട്ടി. ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ കെ.എസ്.ആര്.ടി.സി 2000 ബസുകള്‍ വരെ നിരത്തിലിറക്കിയിരുന്നു. ഇപ്പോള്‍ 800നു താഴെ ബസുകള്‍ മാത്രമേ ഓടിക്കുന്നുള്ളൂ.