നഷ്ടത്തിലെന്ന് ഉടമകള്‍; സ്വകാര്യ ബസുകള്‍ സര്‍വീസുകള്‍ കൂട്ടത്തോടെ നിര്‍ത്തി


കോവിഡ് നിബന്ധനകള്‍ പാലിച്ച് സര്‍വീസ് നടത്തുന്നത് നഷ്ടമാണെന്ന് കാണിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ കൂട്ടത്തോടെ സര്‍വീസ് നിര്‍ത്തി. മിക്ക ജില്ലകളിലും വിരലിലെണ്ണാവുന്ന അത്രയും ബസുകള്‍ മാത്രമാണ് ഇന്ന് സര്‍വീസ് നടത്തിയത്.

സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് പഴയ നിലയിലേക്ക് ആക്കിയതോടെയാണ് നേരത്തെ നാമമാത്രമായെങ്കിലും സര്‍വീസ് നടത്തിയിരുന്നവരിലെ ഭൂരിഭാഗവും കൂടി നിരത്തുകളില്‍ നിന്ന് പിന്‍വാങ്ങിയത് . സര്‍വീസ് നടത്താനെത്തിയവര്‍ക്കും പറയാനുണ്ടായിരുന്നത് നഷ്ടകണക്കുകള്‍ മാത്രം. കോവിഡ് 19 ഭീതിയില്‍ യാത്രക്കാരും കുറഞ്ഞതോടെ ഇന്ന് നിരത്തിലിറങ്ങിയവര്‍ കൂടി വരും ദിവസങ്ങളില്‍ പിന്‍വാങ്ങാനാണ് സാധ്യത.

കോഴിക്കോടും കൊച്ചിയിലും കണ്ണൂരിലും തൃശൂരിലുമെല്ലാം ഇത് തന്നെയാണ് സ്ഥിതി. വ്യവസായം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഒരു വിഭാഗം തൊഴിലാളികള്‍ കലക്ടറേറ്റിന് മുന്നില്‍ സമരം നടത്തി. കല്‍പറ്റയില്‍ സര്‍വീസ് നടത്തിയ ബസുകള്‍ തടഞ്ഞതോടെ അവരും പിന്‍വാങ്ങി. പാലക്കാട് രണ്ട് ദിവസമായി സ്വകാര്യ ബസുകള്‍ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിട്ട്. അതിനിടെ കെ.എസ്.ആര്‍.ടി.സി ഇന്ന് ചില ജില്ലകളില്‍ കൂടുതല്‍ സര്‍വീസ് നടത്തി. അന്തര്‍ ജില്ലാ സര്‍വീസുകള്‍ തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമാണ് ഇപ്പോഴും കെ.എസ്.ആര്‍.ടി.സി നടത്തുന്നത്.

SHARE