ബസില്‍ സാമൂഹിക അകലം; ചാര്‍ജ് കൂട്ടണമെന്ന് ഗതാഗത വകുപ്പ്


തിരുവനന്തപുരം: സാമൂഹിക അകലം പാലിക്കേണ്ടിവരുന്നതു വരെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ഗതാഗതവകുപ്പ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ലോക്ഡൗണിന് ശേഷം സര്‍വീസ് നടത്തുമ്പോഴുള്ള നഷ്ടം കുറയ്ക്കാന്‍ ബസുകള്‍ക്ക് റോഡ് നികുതിയിലോ ഇന്ധനനികുതിയിലോ ഇളവ് നല്‍കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്നിലൊന്ന് യാത്രക്കാരേ പാടുള്ളു എന്നിരിക്കെ ഒരു ബസ് ഓടിയിരുന്ന സ്ഥാനത്ത് മൂന്ന് ബസുകള്‍ സര്‍വീസ് നടത്തേണ്ടിവരും. ഒരു ദിവസം 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകും. ഒന്നുകില്‍ ഈ തുക സര്‍ക്കാര്‍ നല്‍കണം. അല്ലെങ്കില്‍ നഷ്ടം നികത്താന്‍ കഴിയുന്ന തരത്തില്‍ ടിക്കറ്റ് ചാര്‍ജ് കൂട്ടുകയും സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന ഇന്ധന നികുതിയില്‍ ഇളവ് നല്‍കുകയും വേണം.

ഇതിന് പുറമെ റോഡ് നികുതി കൂടി ഒഴിവാക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. അല്ലാത്തപക്ഷം ഒരുവര്‍ഷത്തേക്ക് ബസുകള്‍ ഓടിക്കില്ലെന്നു ബസുടമകള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് താല്‍ക്കാലികമായി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഗതാഗതവകുപ്പ് സര്‍ക്കാരിന് മുന്നില്‍ വച്ചത്.

ഡീസലിന് ലീറ്ററിന് 23 രൂപയാണ് സര്‍ക്കാര്‍ നികുതിയായി ഈടാക്കുന്നത്. ബസുകള്‍ക്ക് പൂര്‍ണമായും ഇളവ് ചെയ്താല്‍ സര്‍ക്കാരിന്റെ വരുമാനം കുറയും. ലോക്ഡൗണ്‍ കാരണം സാമ്പത്തിക പ്രതിസന്ധിയിലായ ജനങ്ങളില്‍ അമിത തോതില്‍ ബസ് ചാര്‍ജ് അടിച്ചേല്‍പിക്കാനും കഴിയില്ല. സ്വകാര്യബസുകള്‍ക്ക് ഏപ്രില്‍ മാസത്തെ റോഡ് നികുതി സര്‍ക്കാര്‍ ഒഴിവാക്കി കൊടുത്തിരുന്നു. അതുകൊണ്ടുതന്നെ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്തേ മുഖ്യമന്ത്രിയും ധനമന്ത്രിയും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

SHARE