ബസ് ചാര്‍ജ് കൂടും. മിനിമം എട്ടു രൂപയാക്കാന്‍ ശുപാര്‍ശ, വിദ്യാര്‍ത്ഥികളുടെ നിരക്കിലും ആനുപാധിക വര്‍ധന

 

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് മിനിമം ചാര്‍ജ് 7ല്‍ നിന്ന് 8 രൂപയാക്കി ഉയര്‍ത്താന്‍ ഇടതുമുന്നണി ശുപാര്‍ശ ചെയ്തു. അതേ സമയം ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജ് 10 ല്‍ നിന്ന് 11 ആകും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ചു തീരുമാനമുണ്ടാകും. വിദ്യാര്‍ഥികളുടെ യാത്രാനിരക്കിലും ആനുപാതികമായ വര്‍ധനവുണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. സ്വകാര്യ ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇടതുമുന്നണി അടിയന്തര യോഗം ചേര്‍ന്ന് ബസ് ചാര്‍ജ് ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തത്. മിനിമം നിരക്ക് ഏഴില്‍ നിന്നും 10 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.

ഡീസല്‍ വില കൂടുന്ന സാചര്യത്തില്‍ സംസ്ഥാനത്തെ ബസ് ചാര്‍ജ് കൂട്ടേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ സൂചന നല്‍കിയിരുന്നു. ഡീസല്‍ വിലവര്‍ധന കൂടിയ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സിയെ മാത്രമല്ല മോട്ടോര്‍വാഹന മേഖലയെ മൊത്തം ഇത് ബാധിച്ചെന്നും ആയതിനാല്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പരിഗണിക്കേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സൂചന നല്‍കിയത്.

SHARE