പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് തീവെച്ചു കൊന്നു

 

ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രണയാഭ്യാര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് തീക്കൊളുത്തി കൊലപ്പെടുത്തി. സെക്കന്ദരാബാദില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. അലൂമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന സന്ധ്യാറാണി(23)യാണ് കൊല്ലപ്പെട്ടത്.
ജോലികഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു മുന്‍ സഹപ്രവര്‍ത്തകനായ കാര്‍ത്തിക്(26) എന്ന യുവാവ് പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ബൈക്കില്‍ പിറകെ എത്തിയ യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചതോടെ ഇരുവരും വാക്കേറ്റത്തിലാവുകയും കയ്യിലുണ്ടായിരുന്ന മണ്ണെണ്ണ പെണ്‍കുട്ടിയുടെ ദേഹത്തേക്കൊഴിച്ച് കത്തിക്കുകയുമായിരുന്നു. കരച്ചില്‍ കേട്ട് ചുറ്റുമുള്ളവര്‍ ഓടിയെത്തി തീയണച്ചെങ്കിലും 60ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
സംഭവത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ സ്ഥിരമായി ശല്യം ചെയ്യാറുള്ളതാണെന്നും എന്നാല്‍ ഇതുവരെയും പെണ്‍കുട്ടി ഇക്കാര്യം വീട്ടില്‍ അറിയിച്ചിട്ടില്ലെന്നും പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

SHARE