ബെയ്ജിങ്: കൊറോണക്ക് പിന്നാലെ ചൈനയില്‍ പുതിയ വൈറസ് ബാധ. ഒരിനം ചെള്ള് കടിക്കുന്നതുമൂലം ഉണ്ടാകുന്ന വൈറസ് ബാധിച്ച് ഏഴു പേര് മരിച്ചതായും 60 പേര്‍ക്ക് രോഗം ബാധിച്ചതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുനിയ വൈറസ് വിഭാഗത്തില്‍പെടുന്ന സിവെര്‍ ഫിവര്‍ വിത്ത് ത്രോംബോസൈറ്റോഫീനിയ സിന്‍ഡ്രോം എന്ന വൈറസാണിത്. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ 37 പേര്‍ക്കും അന്‍ഹുയി പ്രവിശ്യയില്‍ 23 പേര്‍ക്കുമാണ് വൈറസ് ബാധിച്ചത്.
കഴിഞ്ഞ നവംബറില്‍ തായ്വാനില് ആദ്യത്തെ എസ്എഫ്ടിഎസ് കേസ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച 70 കാരന് പനിയും ഛര്‍ദ്ദിയും ഉണ്ടായിരുന്നു. അദ്ദേഹം രാജ്യാന്തര യാത്രകളൊന്നും നടത്തിയിരുന്നില്ല. പക്ഷേ പതിവായി കുന്നുകളിലേക്ക് യാത്ര നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന്, മരങ്ങളുള്ള പ്രദേശങ്ങളിലും ചെള്ളുകള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള മറ്റു പ്രദേശങ്ങളിലും ഷോര്‍ട്സ് ധരിക്കുന്നത് ഒഴിവാക്കാന്‍ തായ്വാന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
എസ്എഫ്ടിഎസ് വൈറസ് പുതിയ വൈറസ് അല്ലെന്നും 2011 ല്‍ ബുനിയ വൈറസ് വിഭാഗത്തില്‍പെടുന്ന ഇതിന്റെ പതോജെനുകളെ വേര്‍തിരിച്ചതാണെന്നും പറയുന്നു. എന്നാല്‍, ചെള്ളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നതാകാനിടയുള്ള വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഒഴിവാക്കാനാവില്ലെന്ന് സെജിയാങ് സര്‍വകലാശാലയുടെ കീഴിലുള്ള ആശുപത്രിയിലെ ഡോക്ടര്‍ ഷെങ് ജിഫാങ് പറഞ്ഞു.
പനി, ക്ഷീണം, ഓക്കാനം, വയറുവേദന, വിശപ്പില്ലായ്മ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. നിലവില്‍ എസ്എഫ്ടിഎസിനായി മരുന്നുകളൊന്നുമില്ലെന്നും എന്നാല്‍ കാര്യക്ഷമമായ ചികിത്സയിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.