ജര്‍മനിയില്‍ വീണ്ടും ഗോള്‍ പിറന്നു; കോവിഡിനെ തോല്‍പ്പിക്കാനുള്ള ആഘോഷവും

ഡോര്‍ട്ട്മണ്ട്: കൊറോണാവ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ജര്‍മന്‍ ബുണ്ടസ്‌ലീഗ ഫുട്‌ബോള്‍ ശനിയാഴ്ച വീണ്ടും ആരംഭിച്ചു.ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ഷാല്‍ക്കെയുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയത്.

ആദ്യ ഗോള്‍ വലയിലാക്കിയത് ഡോര്‍ട്ട്മുണ്ടിന്റെ ഹോലന്‍ഡായിരുന്നു.എന്നാല്‍, ഷാല്‍ക്കയ്‌ക്കെതിരായ ഹോലന്‍ഡിന്റെ ഗോളല്ല, അതിനുശേഷമുള്ള ആഘോഷമാണ് ഇപ്പോള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്. മുപ്പത്തിരണ്ടാം മിനിറ്റില്‍ ബറൂസിനയക്കുവേണ്ടി ആദ്യ ഗോള്‍ നേടിയ ഹോലന്‍ഡിനെ കെട്ടിപ്പിടിക്കാനോ കെട്ടിമറിയാനോ ആരുമുണ്ടായില്ല. ഗോളടിച്ച ഹോലന്‍ഡ് ഒറ്റയ്ക്ക് കോര്‍ണര്‍ഫ്‌ലാഗിന്റെ അടുത്ത് പോയി തോളുകള്‍ ഇളക്കി സന്തോഷം പ്രകടിപ്പിക്കുമ്പോള്‍ സുരക്ഷിതമായ അകലത്തിലായിരുന്നു കൈയടിച്ചുകൊണ്ട് മറ്റ് താരങ്ങള്‍. എന്നാല്‍ ഈ രസകരമായ നിമിഷം കണ്ടാസ്വദിക്കാന്‍ സ്‌റ്റേഡിയത്തില്‍ ആരും തന്നെയുണ്ടായിരുന്നില്ല. കോവിഡ് ജാഗ്രതയെ തുടര്‍ന്ന് സ്‌റ്റേഡിയം പൂര്‍ണമായും ഒഴിച്ചിട്ടാണ് മത്സരം നടന്നത്. മത്സരത്തില്‍ ഡോര്‍ട്ട്മുണ്ട്് നാല് ഗോളുകള്‍ക്ക് ജയിച്ചു.

കോവിഡിനെ തുടര്‍ന്ന് ലോകമെങ്ങും നിശ്ചലമായപ്പോള്‍ എല്ലാ കളികളും നിര്‍ത്തിവച്ചിരുന്നു. ബുണ്ടസ്‌ലീഗയാണ് ആദ്യമായി കളികള്‍ പുനരാരംഭിച്ചത്. കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് മത്സരങ്ങള്‍ വീണ്ടും നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചത്.ബുണ്ടസ്‌ലീഗ രണ്ടാം ഡിവിഷനും ശനിയാഴ്ച ആരംഭിച്ചു.

SHARE