വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രിയുടെ ഗണ്‍മാനും പ്രതി; അന്വേഷണം ഇഴയുന്നു

തിരുവനന്തപുരം: സായുധ സേനാ ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ നഷ്ടമായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതി. 11 പൊലീസുകാരെ പ്രതി ചേര്‍ത്ത് പേരൂര്‍ക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഉള്ളത് ഗുരുതര പരാമര്‍ശങ്ങളാണ്. കേസില്‍ 10 മാസം മുമ്പ് തുടങ്ങിയ അന്വേഷണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്.

1996 മുതല്‍ 2018 വരെയുള്ള കാലയളവില്‍ എസ്എപി ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായെന്ന മുന്‍ കമാണ്ടന്റ് സേവ്യറിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. 2019 ഏപ്രില്‍ 3 നാണ് പേരൂര്‍ക്കട പൊലീസ് കേസെടുക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാന്‍ സനില്‍കുമാര്‍ എഫ്‌ഐആറിലെ മൂന്നാം പ്രതിയാണ്. എസ് എ പി ക്യാമ്പിലെ ഹവില്‍ദാറായിരുന്ന സനില്‍കുമാറിനായിരുന്നു വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതലയിലുണ്ടായിരുന്നു. വെടിയുണ്ടകളുടെ വിവരങ്ങള്‍ സനില്‍ കുമാര്‍ അടക്കമുള്ള 11 പേരും രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെന്നാണ് എഫ്‌ഐആര്‍ വ്യക്തമാക്കുന്നത്. അതീവ സുരക്ഷയോടെയും സൂക്ഷമതയോടെയും കൈകാര്യം ചെയ്യേണ്ടിയിരുന്ന എകെ 47 തോക്കുകളുടെ തിരകളിലടക്കം ജാഗ്രതകുറവ് ഉണ്ടായെന്നും കണ്ടെത്തി.

ജോലിയിലെ വീഴ്ച മൂലം സര്‍ക്കാറിന് നഷ്ടമുണ്ടായെന്നും ചില ഉദ്യോഗസ്ഥര്‍ രേഖകളില്‍ കൃത്രിമം കാണിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെ െ്രെകം ബ്രാഞ്ചിന് അന്വേഷണം കൈമാറി. പക്ഷെ അതീവ ഗൗരവമുള്ള കേസില്‍ അന്വേഷണം ഇപ്പോഴും എങ്ങുമെത്തിയില്ല. രജിസ്റ്റര്‍ സൂക്ഷിക്കേണ്ട പൊലീസുകാര്‍ മാത്രം എഫ്‌ഐആറില്‍ പ്രതികളായി. വെടിയുണ്ടകളുടെ കൈമാറ്റം കൃത്യമായി ഉറപ്പ് വരുത്തേണ്ട ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥരെ തൊട്ടില്ല. മന്ത്രിയുടെ ഗണ്‍മാന്‍ അടക്കം പ്രതികളായ കേസായത് കൊണ്ടുള്ള ഉന്നത ഇടപെടലും കേസില്‍ സംശയിക്കാം. ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ലെന്ന സിഎജി റിപ്പോര്‍ട്ട് വിവാദമായതോടെ ഇപ്പോള്‍ െ്രെകം ബ്രാഞ്ച് ഉണര്‍ന്നു. അന്വേഷണം രണ്ട് മാസം കൊണ്ട് തീര്‍ക്കണമെന്നാണ് െ്രെകംബ്രാഞ്ച് മേധാവിയുടെ പുതിയ നിര്‍ദ്ദേശം.