റോഡ് വീതികൂട്ടുന്നതിനിടെ മൂന്നു നില കെട്ടിടം തകര്‍ന്നുവീണു

ഗുണ്ടൂര്‍: റോഡിന് വീതി കൂട്ടുന്ന ജോലി നടക്കുന്നതിനിടെ മൂന്നു നില കെട്ടിടം തകര്‍ന്നു വീണു. ആന്ധ്ര പ്രദേശിലെ ഗുണ്ടൂരില്‍ നന്ദിവേലുഗു റോഡിലായിരുന്നു സംഭവം. പഴയ കെട്ടിടത്തിനുള്ളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചതിനാല്‍ ആര്‍ക്കും പരിക്കേല്‍ക്കാതെ വന്‍ ദുരന്തമാണ് ഒഴിവായത്. ആന്ധ്രയിലെ ഗൂണ്ടൂരില്‍ നന്ദിവേലുഗു റോഡിലായിരുന്നു സെക്കന്റുകള്‍ കൊണ്ട് മൂന്ന് നില കെട്ടിടം നിലം പതിച്ചത്.

നരസിംഹ റാവുവെന്ന ആളുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. അതേസമയം അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കെട്ടിടം തകരാന്‍ ഇടയാക്കിയതെന്നാണ് പ്രദേശവാസികളുടെ ആരോപണം. അടുത്തിടെയാണ് കൈയേറ്റം ഒഴിപ്പിച്ച് റോഡ് വീതി കൂട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഗുണ്ടൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ആരംഭിച്ചത്. റോഡ് കൈയേറി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റണമെന്ന് അധികൃതര്‍ നോട്ടീസ് നല്‍കുകയും ചെയ്തു. കൈയേറി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഭാഗം മാത്രം പൊളിച്ച് മാറ്റി ശേഷിക്കുന്ന ഭാഗത്ത് നരസിംഹ റാവു കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. കൂടാതെ പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള ഒറ്റനില കെട്ടിടത്തില്‍ രണ്ട് നിലകള്‍ കൂടി കൂട്ടിയെടുത്തു. എന്നാല്‍ റോഡ് വീതി കൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ കെട്ടിടം നിലം പൊത്തുകയായിരുന്നു. റോഡിന്റെ വീതി 60 അടിയില്‍ നിന്നും 120 അടിയാക്കാനുള്ള പണികളാണ് പുരോഗമിക്കുന്നത്.

SHARE