ബിഎസ്എന്‍എല്ലിനെ ജിയോക്ക് തീറെഴുതി കൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍

തൃശൂര്‍: ബിഎസ്എന്‍എല്ലിനെ ജിയോക്ക് തീറെഴുതി കൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ബി.എസ്.എന്‍.എല്ലില്‍ ആസ്തി പണമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 1.10 ലക്ഷം കോടി ആസ്തിയില്‍ നിന്നും 73,000 കോടി വിലമതിക്കുന്നവയാണ് പാട്ടത്തിന് നല്‍കുന്നത്. ബി.എസ്.എന്‍.എല്ലിന് 68,000 മൊബൈല്‍ ടവറും 7.6 ലക്ഷം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒപ്റ്റിക് ശൃഖലയുമുണ്ട്.

മൊബൈല്‍ ടവറുകള്‍ അടക്കമുള്ള ബി.എസ്.എന്‍.എല്ലിന്റെ ആസ്തിയില്‍ പകുതിയിലേറെയും സ്വന്തമാക്കിയിട്ടുള്ള ജിയോ തന്നെ ഇതും സ്വന്തമാക്കുമെന്നാണ് കണക്കാക്കുന്നത്. 13,000 ആസ്തികള്‍ ഇതിനകം സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കിയിരുന്നു. ഇതില്‍ 7000വും എടുത്തത് റിലയന്‍സ് ജിയോ ആയിരുന്നു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും മുതല്‍മുടക്കാന്‍ അശക്തരാണെന്നുള്ളതാണ് റിലയന്‍സ് ജിയോ തന്നെ ബി.എസ്.എന്‍.എല്ലിന്റെ ആസ്തികള്‍ സ്വന്തമാക്കുമെന്ന് ടെലികോം രംഗത്തെ വിദഗ്ദ്ധര്‍ അനുമാനിക്കാന്‍ കാരണം.

പകുതിയിലധികം ജീവനക്കാരെ സ്വയം വിരമിക്കലിലൂടെ പറഞ്ഞുവിടുന്നതിന് പിന്നാലെയാണ് ബി.എസ്.എന്‍.എല്ലിന്റെ പുതിയ നീക്കം. വി.ആര്‍.എസിന് അപേക്ഷിച്ചവര്‍ ഫെബ്രുവരി ഒന്ന് മുതല്‍ ബി.എസ്.എന്‍.എല്ലില്‍ ഉണ്ടായിരിക്കുകയില്ല. ഇതുവഴി 600 കോടി രൂപ ചെലവില്‍ കുറവ് വരുമെന്നാണ് കമ്പനി കണക്കാക്കുന്നത്.

SHARE