ബംഗളൂരു: ബി.എസ്.എന്‍.എല്ലിലെ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡേ. പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എത്തിയ കര്‍ണാടക ബി.ജെ.പി എം.പി, അവര്‍ രാജ്യദ്രോഹികളാണെന്നും ചതിയന്‍മാരാണെന്നും പറഞ്ഞു.
‘അറിയപ്പെടുന്ന ഒരു കമ്പനി വികസിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്ത രാജ്യദ്രോഹികളാണ് ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍. രാജ്യത്തിന് ഒരു കറുത്ത പൊട്ടായി ബി.എസ്.എന്‍.എല്‍. തീര്‍ന്നെന്നും ഇതിനെ സ്വകാര്യമേഖലക്ക് നല്‍കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സജ്ജമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ ബി.എസ്.എന്‍.എല്ലിനെ സ്വകാര്യവത്കരിക്കുന്നതിലൂടെ 88,000 ജീവനക്കാരെ പുറത്താക്കുമെന്നും ഹെഗ്‌ഡെ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ബി.എസ്.എന്‍.എല്ലിന് അടിസ്ഥാന സൗകര്യവും പണവും നല്‍കിയിട്ടും ടെലികോം ജീവനക്കാര്‍ ജോലി ചെയ്യാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്നാണ് ബി.ജെ.പി. എം.പി അവകാശപ്പെടുന്നത്.
ഹെഗ്‌ഡേയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. അനന്ത്കുമാര്‍ ഹെഗ്‌ഡെ നേരത്തെയും നിരവധി വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. മഹാത്മ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമരം ഒരു നാടകമാണെന്നായിരുന്നു ഹെഗ്‌ഡെ അടുത്തിടെ വിശേഷിപ്പിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഉത്തര കന്നഡയില്‍ നിന്നുള്ള ബി.ജെ.പി. എം.പിയായ ഹെഗ്‌ഡെ ഒന്നാം മോദി സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു.