കരയില്ല; അഭിമാനം മാത്രം: ഗുര്‍നാമിന്റെ അമ്മ

ശ്രീനഗര്‍: തന്റെ മകന്‍ വീരമൃത്യുവരിച്ചതാണെന്നും കരയില്ലെന്നും ഗുര്‍നാം സിങിന്റെ അമ്മ ജസ്‌വന്ത് കൗര്‍. ‘അവന്‍ എന്നോട് പറഞ്ഞിരുന്നു, ഞാന്‍ മരിച്ചാല്‍ ദയവായി കരയരുതെന്ന്. ഞാന്‍ കരയില്ല.

രാഷ്ട്രത്തിന് വേണ്ടി സ്വജീവന്‍ ബലികഴിച്ച മുഴുവന്‍ സൈനികരെയും ഓര്‍ത്ത് തനിക്ക് അഭിമാനമാണുള്ളത്. തന്റെ മകന് മെച്ചപ്പെട്ട വൈദ്യ സഹായം ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ബക്ഷി നഗറിലെ ആസ്പത്രിയിലേക്ക് കൊണ്ടു പോകാനാണ് ബിഎസ്എഫ് തീരുമാനിച്ചത്.

എന്നാല്‍ ബിഎസ്എഫിന് സ്വന്തമായി ആസ്പത്രിയും ഡോക്ടര്‍മാരുമുണ്ടായിരുന്നുവെങ്കില്‍ തന്റെ മകന്‍ രക്ഷപെട്ടേനെ ‘-ജസ്‌വന്ത് കൗര്‍ പറഞ്ഞു. സൈനികര്‍ക്കായി മികച്ച ചികില്‍സാ സംവിധാനം ഒരുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായി ഗുര്‍നാമിന്റെ പിതാവ് കുല്‍ബീര്‍ സിങ് പറഞ്ഞു. ഗുര്‍നാമിന്റെ വീരമൃത്യുവില്‍ അഭിമാനിക്കുന്നതായി സഹോദരിയും പ്രതികരിച്ചു.