തെളിവുകള്‍ നശിപ്പിക്കാന്‍ യുവാവിനെ കൊലപ്പെടുത്തി ബൈക്കിനൊപ്പം കുഴിച്ചുമൂടി

തെളിവുകള്‍ നശിപ്പിക്കാന്‍ യുവാവിനെ കൊലപ്പെടുത്തി ഭക്ഷണശാലയ്ക്ക് പിന്നില്‍ കുഴിച്ചു മൂടിയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് കൊലപാതകം നടന്നത്. ഹല്‍ദിറാം കമ്പനിയില്‍ ഇലക്ട്രീഷ്യനായിരുന്ന പങ്കജ് ദിലീപ് ഗിരംകാറിനെ(32)യാണ് മുഖ്യപ്രതിയായ അമര്‍സിങ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വന്തം ഭക്ഷണശാലയ്ക്കുള്ളില്‍ ദിലീപിനെ ബൈക്കിനൊപ്പം കുഴിച്ചു മൂടിയത്.

ഗിരംകാറിന്റെ ഭാര്യയുമായി ഇരുപത്തിനാലുകാരനായ അമര്‍സിങ്ങിനുണ്ടായിരുന്ന പ്രണയബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഈ ബന്ധം അവസാനിപ്പിക്കുന്നതിനായി വാര്‍ധയിലേക്ക് ഗിരംകാര്‍ താമസം മാറ്റിയിരുന്നു. അതിന് ശേഷവും ബന്ധം തുടരുന്നതറിഞ്ഞ ഗിരംകാര്‍ ഡിസംബര്‍ 28 ന് അമര്‍സിങ്ങിനെ കാണാനെത്തി. തുടര്‍ന്നുണ്ടായ കലഹത്തിനിടെ അമര്‍സിങ് ചുറ്റിക കൊണ്ട് ഗിരംകാറിന്റെ തലയ്ക്കടിച്ചു. അടിയേറ്റ ഗിരംകാര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. കടയ്ക്ക് പിന്നിലായി വലിയൊരു കുഴിയെടുപ്പിച്ച അമര്‍സിങ് തന്റെ ഭക്ഷണശാലയിലെ പാചകക്കാരന്റേയും സുഹൃത്തിന്റേയും സഹായത്തോടെ ഗിരംകാറിന്റെ മൃതശരീരം അയാളുടെ ബൈക്കിനോടൊപ്പം കുഴിച്ചു മൂടുകയായിരുന്നു.

SHARE