വളര്‍ത്തുനായ കുരച്ചതിന് സഹോദരങ്ങള്‍ അയല്‍വാസിയുടെ വീട് ആക്രമിച്ചു; നായയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തിരുവല്ല: വളര്‍ത്തുനായ കുരച്ചതിന് സഹോദരങ്ങള്‍ അയല്‍വാസിയുടെ വീടാക്രമിച്ച് നായയെ വടിവാള്‍കൊണ്ടു വെട്ടി. സഹോദരങ്ങളായ നന്നൂര്‍ പല്ലവിയില്‍ അജിത് (40), അനില്‍ (35) എന്നിവര്‍ക്കെതിരെ് തിരുവല്ല പൊലീസ് കേസെടുത്തു. മൃഗാവകാശ സമിതിയായ എസ്.പി.സി.എയും (സൊസൈറ്റി ഫോര്‍ ദ് പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ്) സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ട് നാല് മണിക്കാണ് സംഭവം. അജിത് റോഡിലൂടെ പോയപ്പോള്‍ ഐശ്വര്യ ഭവനില്‍ സന്തോഷ് കുമാറിന്റെ വളര്‍ത്തു നായ കുരച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കുര നിര്‍ത്താത്തതിനെ തുടര്‍ന്ന് ഇയാള്‍ പ്രകോപിതനായി കാര്‍പോര്‍ച്ചില്‍ കയറി നായയെ അടിച്ചു. തടയാനെത്തിയ സന്തോഷ് കുമാറിനെയും മര്‍ദിച്ചു. മടങ്ങിപ്പോയ അജിത് സഹോദരന്‍ അനിലുമായെത്തി വീണ്ടും ആക്രമണം നടത്തിയെന്ന് പൊലീസ് പറഞ്ഞു.

നായയുടെ ശരീരത്തില്‍ 5 വെട്ടുകള്‍ ഉണ്ട്. മുറിവേറ്റ നായയെ വീട്ടുകാര്‍ മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സിച്ചു. സന്തോഷ് കുമാറിന്റെ കാര്‍, ടി.വി, വീട്ടുപകരണങ്ങള്‍ എന്നിവയും നശിപ്പിച്ചതായും പരാതിയുണ്ട്. സംഭവത്തിലെ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് സി.ഐ കെ. ബൈജു കുമാര്‍ പറഞ്ഞു. അജിത്തിനെ കാണുമ്പോള്‍ നായ കുരയ്ക്കുന്നത് പതിവായിരുന്നു. ഇതിന്റെ പ്രകോപനമാണ് വീടു കയറിയുള്ള ആക്രമണത്തില്‍ കലാശിച്ചത്. ഉടന്‍തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് സി.ഐ പറഞ്ഞു.

SHARE