സ്വത്തു തര്‍ക്കത്തിനിടെ ഗൃഹനാഥന്‍ സഹോദരന്റെ വെട്ടേറ്റ് മരിച്ചു

ഇടുക്കി: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇടുക്കിയില്‍ സഹോദരന്റെ വെട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു. കുരുവിളസിറ്റി മുണ്ടോംകണ്ടത്തില്‍ റെജിമോന്‍ (52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയാണ് സംഭവം. റെജിമോനും ജ്യേഷ്ഠനായ സജിമോനും തമ്മില്‍ വര്‍ഷങ്ങളായി സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഇതുമായി ബന്ധപ്പെട്ട് റെജിമോന്‍, സജീവന്റെ മരുമകന്‍ ശ്യാം മോഹനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

മരുമകനെ മര്‍ദിച്ച വിവരമറിഞ്ഞ് സജീവന്‍ വൈകിട്ടോടെ റെജിമോന്റെ വീട്ടിലെത്തി. ശ്യാമും ഒപ്പമുണ്ടായിരുന്നു. വാക്കുതര്‍ക്കം സംഘര്‍ഷമായതോടെ വാക്കത്തി കൊണ്ട് റെജിമോനെ വെട്ടുകയായിരുന്നു. ഇയാളുടെ മകളുടെ ഭര്‍ത്താവ് സ്‌റ്റെബിനും വെട്ടേറ്റിട്ടുണ്ട്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആസ്പത്രിയിലെത്തിച്ചത്. ഇവരുടെ സമീപത്ത് അബോധാവസ്ഥയില്‍ ശ്യാം മോഹനും ഉണ്ടായിരുന്നു. റെജിമോന്‍ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു എന്നാണ് സൂചന. ഗുരുതരമായി പരിക്കേറ്റ സ്‌റ്റെബിനെ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

റെജിമോനെ വെട്ടിയത് ആരാണെന്ന് അറിയില്ല എന്നാണ് ശ്യാം പൊലീസിനോട് പറഞ്ഞത്. സംഘര്‍ഷ സമയത്ത് ഇവിടെ ഉണ്ടായിരുന്ന സജീവനും മറ്റു ചില ബന്ധുക്കളും ഒളിവിലാണ്. ശാന്തന്‍പാറ പൊലീസ് ഇവര്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു.

SHARE