ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പൗരത്വ വിഷയത്തിലുള്ള നിലപാടിനെതിരെ സഹോദരനും ഡല്‍ഹിയിലെ മുന്‍ എം.എല്‍.എയുമായിരുന്ന ആസിഫ് മുഹമ്മദ് ഖാന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് അസ്വീകാര്യമാണെന്ന് ആസിഫ് വ്യക്തമാക്കി. നിയമം പിന്‍വലിക്കുന്നതു വരെ പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഇരുപത് ദിവസമായി ഡല്‍ഹിയിലെ ശാഹീന്‍ ബാഗിലെ സമരത്തില്‍ പങ്കാളിയാകാന്‍ എത്തുന്ന തനിക്കെതിരെ ഡല്‍ഹി പൊലീസ് പ്രക്ഷോഭത്തിന്റെ പേരില്‍ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിയും അമിത്ഷായും മുസ്ലിംകളെ കരുവാക്കി കൊണ്ടുവന്ന നിയമമാണിതെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പ്രക്ഷോഭത്തിനിറങ്ങിയത്. ജനകീയ പ്രതിഷേധത്തിലൂടെ മാത്രമേ ഇതിനെ തകര്‍ക്കാനാവൂ. കേന്ദ്രത്തിനെതിരെ സംസാരിക്കാന്‍ ആരിഫിനാവില്ല. ബി.ജെ.പിക്കു വേണ്ടി പ്രവര്‍ത്തനമൊന്നും നടത്താതെയാണ് ജ്യേഷ്ഠന്‍ ഗവര്‍ണറായത്. ആസിഫ് പറഞ്ഞു.
തനിക്കെതിരായ കേസുകള്‍ നേരിടുമെന്നും പ്രക്ഷോഭരംഗത്ത് നിന്ന് പിന്മാറില്ലെന്നും ആസിഫ്.