ലണ്ടന്‍: ബ്രിട്ടനിലെ ബ്രൈറ്റണ് റോയല്‍ സസെക്സ് കൗണ്ടി ആശുപത്രിയില്‍ മലയാളിയായ കേറ്ററിങ് ജീവനക്കാരന് കുത്തേറ്റു. ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന ജോസഫ് ജോര്‍ജിനെയാണ് ഇന്നലെ രാവിലെ അജ്ഞാത യുവാവ് കുത്തി പരുക്കേല്പിച്ചത്. ജോസഫിന്റെ പരുക്ക് ഗുരുതരമല്ല. ആക്രമണം നടത്തിയ യുവാവിനെ പൊലിസ് പിന്നീട് പിടികൂടി ചോദ്യം ചെയ്തുവരികയാണ്. സംഭവം നടന്ന സൈറ്റ് ലോക്ക്ചെയ്ത്, സ്ഥലത്ത് സായുധ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.
പരുക്കേറ്റ ജോര്‍ജ് ജോസഫിന്റെ നില ഗുരുതരമല്ലെന്നും ആവശ്യമായ ചികിത്സ നല്കി വരികയാണെന്നും െ്രെബറ്റണ്‍ ആന്‍ഡ് സസെക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ എന്‍എച്ച്എസ്. ട്രസ്റ്റ് ട്വിറ്ററില്‍ അറിയിച്ചു.
സംഭവം നടന്ന് ഒരു മണിക്കൂര്‍ സമയത്തിനുള്ളില്‍ 9.40ന് സമീപത്തു തന്നെയുള്ള വില്‍സണ്‍ അവന്യൂവില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഒറ്റപ്പെട്ട സംഭവമാണിതെന്നും തീവ്രവാദ ആക്രമണമാണെന്ന് സംശയിക്കുന്നില്ലെന്നും സസെക്സ് പൊലീസ് പറഞ്ഞു. സസെക്സ് പൊലീസ് െ്രെകം കമ്മിഷണര്‍ കാറ്റി ബോണ്‍, പാര്‍ലമെന്റംഗം പീറ്റര്‍ കെയ്ല്‍ എന്നിവര്‍ ജോര്‍ജ് ജോസഫിന്റെ കുടുംബത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
ആശുപത്രിയുടെ പതിനൊന്നാം നിലയിലുള്ള ഗൈനക്കോളജി വാര്‍ഡില്‍ ജോലി നോക്കവേയാണ് അമ്പത്താറുകാരനായ ജോസഫ് ജോര്‍ജിനു നേരെ അപ്രതീക്ഷിതമായി അക്രമി പാഞ്ഞെത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആശുപത്രി ഐഡി കാര്‍ഡ് ഉപയോഗിച്ച് മരുന്നുകള്‍ സൂക്ഷിച്ചിരുന്ന അലമാരയുടെ ലോക്ക് തുറക്കാന്‍ അക്രമി ജോസഫിനോട് ആവശ്യപ്പെട്ടു. ജോസഫിന്റെ പാസ് ഉപയോഗിച്ച് ഇത് സാധ്യമാകാതെ വന്നതോടെയാണ് കത്തികൊണ്ട് മൂന്നുവട്ടം അക്രമി കുത്തിയത്. ഇതിനുശേഷം അക്രമി ഓടി രക്ഷപ്പെട്ടു. ഇതേ ആശുപത്രിയില്‍ തന്നെ നിയോനേറ്റല്‍ നഴ്സാണ് ജോര്‍ജിന്റെ ഭാര്യ ബീന.