കഷണ്ടിയുള്ള വരനെ വേണ്ടന്ന് വിവാഹവേദിയില്‍ വധു: നിര്‍ധന യുവതിയെ വിവാഹം കഴിച്ച് വരന്‍ പ്രതികാരം തീര്‍ത്തു

പട്‌ന: ബീഹാറില്‍ വരന് കഷണ്ടിയുണ്ടെന്ന് വിവാഹ വേദിയില്‍ വച്ച് തിരിച്ചറിഞ്ഞ യുവതി വിവാഹത്തില്‍ നിന്നും പിന്മാറി. കല്ല്യാണം മുടങ്ങയിയ വരന്‍ വധുവിന്റെ ഗ്രാമത്തിലെ നിര്‍ധനയായ യുവതിയെ വിവാഹം കഴിച്ച് പ്രതികാരം തീര്‍ത്തു. ബിഹാറിലെ സിലിഗുരിയിലാണ് സംഭവം നടന്നത്.

ഒരു വര്‍ഷം മുമ്പാണ് ഡല്‍ഹി സ്വദേശിയായ ന്യൂറോ സര്‍ജന്‍ ഡോ.രവി കുമാറും വധുവും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. വധുവിന്റെ അച്ഛനും വരന്റെ അച്ഛനും പരസ്പരം സുഹൃത്തുക്കളായിരുന്നു. ഡോ. രവികുമാറിന്റെ വീട്ടില്‍ വധുവിന്റെ അച്ഛന്‍ ഏതാനും തവണ താമസിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു ശേഷമാണ് ഡോ. രവി കുമാറിനെ മകള്‍ക്കായി വധുവിന്റെ അച്ഛന്‍ വിവാഹം ആലോചിച്ചത്.

അങ്ങനെ വിവാഹ ദിവസം എത്തി. ചടങ്ങുകള്‍ ആഘോഷ പൂര്‍വ്വം തുടങ്ങി. അതിഥികളില്‍ പലരും ഭക്ഷണവും കഴിച്ചും തുടങ്ങി. ചടങ്ങുകളുടെ ഭാഗമായി വസ്ത്രം കൈമാറിയ ശേഷം വിവാഹ മണ്ഡപത്തിലേയ്ക്ക് കയറിയ വരന്‍ ആചാര പൂര്‍വ്വം തലയില്‍ വച്ചിരുന്ന തലപ്പാവ് മാറ്റിയതോടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി. വരന്റെ കഷണ്ടി കണ്ട വധു ക്ഷുഭിതയാകുകയായിരുന്നു. കഷണ്ടിയുള്ള ഇയാളെ താന്‍ വിവാഹം കഴിക്കില്ലെന്ന് വധു വാശി പിടിച്ചതോടെ ചടങ്ങ് അലങ്കോലമായി. വധുവിനെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

അതേസമയം ആയിരത്തിലേറെ കിലോമീറ്റര്‍ സഞ്ചരിച്ചാണ് വരന്‍ വിവാഹത്തിനായി സിലിഗുരിയില്‍ എത്തിയത്. ഇത്രദൂരം താണ്ടി എത്തിയ വരന്‍ വിവാഹിതനാകാതെ മടങ്ങില്ലെന്ന വരനും വാശി പിടിച്ചതോടെ ബന്ധുക്കള്‍ കുഴഞ്ഞു. ഇതോടെ പ്രദേശത്തെ ഗ്രാമസഭയോട് സഹായം തേടി. തനിക്ക് ഒരു വധുവിനെ വേണം നാട്ടുകാരെല്ലാം കൂടി അന്വേഷിച്ച് പ്രദേശത്തെ ദരിദ്രനായ ഒരു പച്ചക്കറി വില്‍പ്പനക്കാരന്റെ മകളെ കണ്ടെത്തുകയും ഇരുവരും തമ്മിലുള്ള വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു.