വിവാഹത്തിന് വധു പറന്നിറങ്ങി; ലാന്‍ഡ് ചെയ്യുന്നതിനിടെ ഹെലിക്കോപ്റ്റര്‍ കത്തിയമര്‍ന്നു; ദൃശ്യങ്ങള്‍ പുറത്ത്

വിവാഹച്ചടങ്ങിന് വധു പറന്നിറങ്ങിയ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു. വധു എത്തിയ ഹെലിക്കോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്ന് വീണ് കത്തിയമരുകയായിരുന്നു. എന്നാല്‍ അപകടത്തില്‍ നിന്ന് വധു അത്ഭുതകരമായി രക്ഷപ്പെട്ടു. ബ്രസീലിലെ വടക്കന്‍ സാവോപോളോയിലാണ് സംഭവം.

 

വിവാഹവേദിക്ക് സമീപം ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ഹെലിക്കോപ്റ്റര്‍ നിയന്ത്രണം വിടുകയായിരുന്നു. പെട്ടെന്ന് തന്നെ വധുവിനെയും മറ്റുള്ളവരെയും സുരക്ഷിതരായി പുറത്തിറക്കാന്‍ കഴിഞ്ഞത് വലിയൊരു ദുരന്തം ഒഴിവാക്കി. ഒരു കുട്ടിയും പൈലറ്റും വധുവും ഫോട്ടോഗ്രാഫറുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവര്‍ ഇറങ്ങിയതിന് പിന്നാലെ ഹെലികോപ്റ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്താവുകയും ചെയ്തു. പരിക്കേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കാര്യമായ പരിക്കുകളില്ലാത്തതിനാല്‍ വിട്ടയച്ചിട്ടുണ്ട്. അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ആശ്വാസത്തില്‍ പിന്നീട് വിവാഹവും നടന്നു.