ബ്രെക്‌സിറ്റ്; ആശങ്കയോടെ ശാസ്ത്ര ലോകം

ലണ്ടന്‍: ബ്രെക്‌സിറ്റിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശാസ്ത്ര ലോകം ആശങ്കയില്‍. യൂറോപ്യന്‍ രാജ്യങ്ങളുമായി ചേര്‍ന്നുള്ള പഠനങ്ങളും ഗവേഷണങ്ങളും ഇനി എങ്ങനെ മുന്നോട്ടു പോകുമെന്നതാണ് ശാസ്ത്ര ലോകത്തെ ആശങ്കയിലാഴ്ത്തിയത്.
ബ്രെക്‌സിറ്റിന് മുന്‍പായി രൂപം നല്‍കിയ വിസാ നിയമങ്ങള്‍ രാജ്യത്തിന്റെ ശാസ്ത്ര ഗവേഷണ മേഖലയുടെ നട്ടെല്ല് തകര്‍ത്തു കളയുമെന്ന് ബയോ മെഡിക്കല്‍ റിസര്‍ച്ച് ലേബാറട്ടറിയായ ക്രിക്ക് ഇന്‍സിസ്റ്റിയൂട്ടിന്റെ ഡയറക്ടര്‍ പോള്‍ നര്‍സ് പറയുന്നു.

ബ്രിട്ടണില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഒട്ടേറെ ഗവേഷകരാണ് 577 ഇന്‍സിറ്റിയൂട്ടുകളിലായി ജോലിയെടുക്കുന്നത്. ശാസ്ത്ര ഗവേഷകരില്‍ പകുതിയും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍. ഇവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനു മറ്റും വിസ നടപടികള്‍ സുഗമമാക്കണമെന്നാണ് ആവശ്യം. ബ്രെക്‌സിറ്റിനു മുന്‍പായി രൂപം നല്‍കിയ വ്യവസ്ഥകളില്‍ അടിസ്ഥാന ശമ്പളം കണക്കാക്കിയാണ് വിസയില്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്. ഇത് ഗവേഷകരുടെ യാത്രയെ ബാധിക്കും. കടുത്ത നിയന്ത്രണങ്ങള്‍ ശാസ്ത്ര ലോകത്തിന് തിരിച്ചടിയാകുമെന്നും പലരും മറ്റു രാജ്യങ്ങളിലെ ഗവേഷണ ശാലകള്‍ തേടി പോകുമെന്നും ചൂണ്ടിക്കാട്ടുന്നു.

അതിനിടെ ബ്രിട്ടനില്‍ മരുന്ന് ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ബ്രെക്‌സിറ്റ് അന്തിമ തീയതി അടുത്തുവരുന്ന സാഹചര്യത്തിലാണ് മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നത്. പലയിടങ്ങളിലും ഡോക്ടര്‍മാര്‍ രണ്ടാം പരിഗണനയിലുള്ള മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ബ്രെക്‌സിറ്റ് ആശങ്ക കാരണം ബ്രിട്ടീഷുകാര്‍ സ്ഥിരം കഴിക്കുന്ന മരുന്നുകള്‍ നേരത്തെ തന്നെ വാങ്ങിക്കൂട്ടുന്നതാണ് മരുന്നു ക്ഷാമത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. അവശ്യ മരുന്നുകളുടെ ക്ഷാമമാണ് മെഡിക്കല്‍ രംഗത്തുള്ളവരെ കൂടുതലായും ആശങ്കയിലാഴ്ത്തുന്നത്. ബ്രക്‌സിറ്റ് വിഷയത്തില്‍ മാര്‍ച്ച് 14ന് പാര്‍ലമെന്റില്‍ വീണ്ടും വോട്ടെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് തെരേസ മേ.

ആദ്യ വോട്ടെടുപ്പ് പരാജയപ്പെട്ട സാഹചര്യത്തിലാണ് കരാറില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി മേയ് വോട്ടെടുപ്പിനെ നേരിടുന്നത്. അതേസമയം, ബ്രക്‌സിറ്റ് നടപടികള്‍ വൈകിപ്പിക്കണമെന്ന ആവശ്യം ബ്രിട്ടനിലും ശക്തമാണ്. എന്നാല്‍ ഈ മാസം 29ന് തന്നെ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പറയുന്നത്.