ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍: ബ്രിട്ടന് ഒന്നും കിട്ടില്ലെന്ന് ബോറിസ് ജോണ്‍സന്‍

 

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാനുള്ള കൂടിയാലോചനക്കുശേഷം ബ്രിട്ടന് ഒന്നുംകിട്ടാതെ പുറത്തുപോകേണ്ടിവരുമെന്ന് മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സന്‍. പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്‌സിറ്റ് പദ്ധതി യൂറോപ്യന്‍ യൂണിയന് വിജയം നല്‍കുമെന്നും ഡെയ്‌ലി ടെലഗ്രാഫിലെ ലേഖനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് പദ്ധതി ബ്രിട്ടന് വന്‍ ദുരന്തമായിരിക്കും സമ്മാനിക്കുകയെന്ന് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി. ബ്രെക്‌സിറ്റിനെച്ചൊലി തെരേസ മേയുടെ മന്ത്രിസഭയില്‍നിന്ന് അദ്ദേഹം രാജിവെക്കുകയായിരുന്നു. ജോണ്‍സന്റെ വിമര്‍ശനങ്ങളെ മേയുടെ ഓഫീസ് തള്ളി. അദ്ദേഹത്തിന്റെ ലേഖനത്തില്‍ പുതുതായി ഒന്നുമില്ലെന്നും ഗൗരവമുള്ള പദ്ധതിക്ക് ഗൗരവമുള്ള നേതൃത്വം ആവശ്യമാണെന്നും ഡോണിങ് സ്ട്രീറ്റ്് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. വ്യാപാര വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടീഷ് ഭരണകൂടം ഉണ്ടാക്കാന്‍ പോകുന്ന കരാര്‍ രാജ്യത്തെ ഭാവിയില്‍ അപകടത്തില്‍ ചാടിക്കുമെന്ന് അനവധി വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും ഏകീകൃത വ്യാപാര നിയമമുണ്ടാകുന്നത് ബ്രെക്‌സിറ്റിന് ശേഷം സ്വന്തമായി വ്യാപാര കരാറുണ്ടാക്കാന്‍ രാജ്യത്തിന് സാധിക്കാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 29ഓടെ ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനിരിക്കെ സ്വന്തം പാളയത്തില്‍നിന്ന് തന്നെ മേയ് കടുത്ത എതിര്‍പ്പാണ് നേരിടുന്നത്. ബ്രെക്‌സിറ്റ് കരാറിന്റെ അന്തിമ ഫലം രാജ്യത്തിന് ഗുണകരമാവില്ലെന്ന് മുന്‍ ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസും പറഞ്ഞു. ബ്രെക്‌സിറ്റ് വിഷയത്തില്‍ മേയ് കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. രണ്ടാം ഹിതപരിശോധന അവര്‍ തള്ളിയിട്ടുണ്ട്.

SHARE