അമിത് ഷാക്കെതിരെ വിധി പറഞ്ഞ ജഡ്ജിക്കെതിരെ കേന്ദ്രം; ഹര്‍ജിയുമായി അഭിഭാഷകര്‍

ന്യൂഡല്‍ഹി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്ത ജഡ്ജിയെ തഴഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഹര്‍ജിയുമായി അഭിഭാഷകര്‍. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായ ആകില്‍ ഖുറൈശിക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. കൊളീജിയം ശുപാര്‍ശ ചെയ്ത ജഡ്ജിമാരില്‍ ഖുറൈശിയെ മാത്രം തഴഞ്ഞ കേന്ദ്രസര്‍ക്കാര്‍ മറ്റുള്ളവരെയെല്ലാം നിയമിക്കുകയായിരുന്നു. ഖുറൈശിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനായിരുന്നു കൊളീജിയം ശുപാര്‍ശ ചെയ്തത്.

സൊഹറാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ സി.ബി.ഐ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ട ജഡ്ജിയാണ് ആഖില്‍ ഖുറൈശി. ഇതിനുള്ള പകവീട്ടലാണ് ഖുറൈശിയെ തഴഞ്ഞതെന്നാണ് അഭിഭാഷകര്‍ പറയുന്നത്. ഖുറൈശിയുടെ നിയമനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കൂടിക്കാഴ്ച്ചക്ക് പോലും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് അഭിഭാഷകര്‍ ഹര്‍ജിയുമായി സുപ്രീംകോടതിയിലെത്തിയത്. ഹര്‍ജി സുപ്രീംകോടതി ജൂലൈ 23ന് പരിഗണിക്കും.

ഗുജറാത്തില്‍ മോദി മുഖ്യമന്ത്രിയായിരിക്കെ ലോകായുക്തയെ നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഖുറൈശി തള്ളിയത് മോദിക്ക് വലിയ തിരിച്ചടിയായിരുന്നു. ഗുജറാത്ത് കലാപ വേളയില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 23 പേരെ ചുട്ടുകൊന്ന മായാകൊഡ്‌നാനിക്കെതിരെ ശിക്ഷ വിധിച്ചതും ഖുറൈശിയായിരുന്നു.

SHARE