അലസതയുടെ വിപത്ത് നേരിട്ടറിഞ്ഞു ബ്രസീലിയന്‍ പ്രസിഡന്റ്; വീണ്ടും ഹൈഡ്രോക്‌സി ക്ലോറോക്വിനുമായി ബോല്‍സൊനാരോ

റിയോ: ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. കോവിഡ് മഹാമാരിയെ നിസാരവല്‍ക്കരിച്ച ബോള്‍സോനാരോയ്ക്ക് ചൊവ്വാഴ്ചയാണ് രോഗം കണ്ടെത്തിയത്. ലോകമെമ്പാടും കൊവിഡ് പടര്‍ന്നു പിടിക്കുമ്പോഴും രോഗത്തിന്റെ അപകടസാധ്യത തള്ളുന്ന നിലപാടും അലസ മനോഭാവവുമാണ് ബോള്‍സോനാരോ സ്വീകരിച്ചിരിന്നത്. കോവിഡ് പടരുമ്പോള്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പാത സ്വീകരിച്ചു ഇന്ത്യയില്‍ നിന്നും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ വാങ്ങിക്കൂട്ടുകയായിരുന്നു ബോല്‍സൊനാരോ. ഇതിനിടെ ബ്രസീലില്‍ കൊവിഡ് പ്രതിരോധത്തിന് ചുക്കാന്‍ പിടിച്ച ഡോക്ടര്‍മാരായ രണ്ട് ആരോഗ്യ മന്ത്രിമാരെ പിരിച്ചു വിട്ടു പകരം ആര്‍മി ജനറലിനെ ഇടക്കാലത്തേക്ക് നിയമിച്ചിരുന്നു. തീവ്ര വലതുപക്ഷ അനുഭാവിയായ ബോള്‍സോനാരോയുടെ ഉദാസീന നിലപാടില്‍ കൊവിഡ് രോഗികളുടെ എണ്ണം ബ്രസീലില്‍ കുതിച്ചുയരുന്ന സാഹചര്യമാണുള്ളത്. ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് വകവെക്കാതെ പൊതുവിടങ്ങളിൽ പതിവായി മാസ്‌ക് ധരിക്കാതെ ബോള്‍സോനാരോ പ്രത്യക്ഷപ്പെട്ടിരുന്നു. പൊതുവിടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയ ബില്ലിലെ ചില ഭാഗങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച്ച വീറ്റോ ചെയ്‌തിരുന്നു. 

അതേസമയം കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ തന്നെ സുഖപ്പെടുത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ബ്രസീലിയന്‍ പ്രസിഡന്റ് രംഗത്തെത്തി. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സയ്ക്ക് അദ്ദേഹം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. മലേറിയ്ക്കുള്ള മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഇതുവരെ കോവിഡിന് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടില്ല.

Image

പനിയും പേശിവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ബോല്‍സൊനാരോയെ ശ്വാസകോശ എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിച്ചതുമൂലം തന്റെ പനി കുറഞ്ഞതായി ബോല്‍സനാരോ വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് 65-കാരനായ പ്രസിഡന്റ് കോവിഡ് സ്ഥിരീകരിക്കുന്നത്. സാധാരണ മാസ്‌ക് ധരിക്കാതെ ജനക്കൂട്ടത്തിനിടയ്ക്ക് പ്രത്യക്ഷപ്പെടാറുള്ള ബോല്‍സൊനാരോ ഇത്തവണ മാധ്യമ പ്രവര്‍ത്തകരെ കാണാനെത്തിയത് മാസ്‌ക് ധരിച്ചാണ്. അതേസമയം, രോഗം സ്ഥിരീകരിച്ച ശേഷവും ആരോഗ്യവനാണെന്ന് കാണിക്കുവാൻ ബോല്‍സനാരോ മാസ്‌ക് മാറ്റി മാധ്യമങ്ങൾക്ക് മുൻപിൽ പുഞ്ചിരിക്കുകയും ചെയ്‌തതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.