കൊറോണയേക്കാള്‍ വലുത് സമ്പദ്‌വ്യവസ്ഥ ; മരണസംഖ്യ ഉയര്‍ന്നിട്ടും മരണക്കളിയുമായി ബ്രസീല്‍ പ്രസിഡന്റ്

11 ദിവസംകൊണ്ട് 114 പേര്‍ മരിച്ചിട്ടും കൊറോണയേക്കാള്‍ പ്രാധാന്യം സമ്പദ്‌വ്യവസ്ഥക്കെന്നാണ് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊനാരോ. ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ ഇതുവരെ 3904 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കോവിഡ് മരണങ്ങളെ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ പോലും ബ്രസീലിന്റെ സ്വന്തം പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊനാരോ തയ്യാറായിട്ടില്ല. സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാര്‍ സ്വാര്‍ഥലാഭത്തിന് വേണ്ടി ചെയ്യുന്നതാണിതെന്നാണ് ബ്രസീല്‍ പ്രസിഡന്റിന്റെ വിചിത്രവാദം.

ബ്രസീലുകാരുടെ സ്വാഭാവിക പ്രതിരോധശേഷി മതി കൊറോണ വൈറസിനെ നേരിടാനെന്നാണ് ബൊല്‍സനാരോ പറയുന്നത്. ‘ബ്രസീലുകാര്‍ക്ക് എളുപ്പത്തില്‍ ഒന്നും വരില്ല. മാലിന്യത്തിലേക്ക് അവര്‍ ഊളിയിടുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ? അവര്‍ക്കൊന്നും പറ്റില്ല. എന്നിവയൊക്കെയാണ് ബ്രസീലിയന്‍ പ്രസിഡന്റിന്റെ വാദങ്ങള്‍.വാഹനാപടകങ്ങള്‍ മൂലം ഒരുപാട് പേര്‍ മരിക്കുന്നെന്ന് കരുതി കാര്‍ ഫാക്ടറി അടക്കാനാവില്ലെന്ന ബൊല്‍സൊനാരോയുടെ അഭിപ്രായ പ്രകടനവും വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.

SHARE