ലോകകപ്പിന് ഇനി 84 ദിവസം; സന്നാഹ മത്സരത്തില്‍ ഇന്ന് ബ്രസീല്‍-റഷ്യ മുഖാമുഖം

ലണ്ടന്‍: റഷ്യയില്‍ ലോകകപ്പ് പന്തുരുളാന്‍ ഇനി 84 ദിവസം. ഫുട്‌ബോള്‍ ചര്‍ച്ചകളില്‍ വ്‌ലാഡിമിര്‍ പുട്ടീന്റെ നാട് നിറയാന്‍ തുടങ്ങുമ്പോള്‍ ലോകകപ്പ് പന്ത് തട്ടാന്‍ യോഗ്യത കൈവരിച്ച 32 ടീമുകള്‍ ഇതാ സന്നാഹങ്ങള്‍ തുടങ്ങുന്നു. ഈയാഴ്ച്ച സന്നാഹങ്ങളുടെ ആഘോഷമാണ്. യൂറോപ്യന്‍ ലീഗില്‍ മല്‍സരങ്ങളൊന്നുമില്ല. സൂപ്പര്‍ താരങ്ങളെല്ലാം ദേശീയ ടീമിന്റെ കുപ്പായമണിഞ്ഞിരിക്കുന്നു. എല്ലാവരും ഒരുക്കങ്ങളുടെ ആദ്യപടിയായി സൗഹൃദ മല്‍സരങ്ങളുടെ വേദിയിലാണിപ്പോള്‍.
ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനേഴ് സന്നാഹ-സൗഹൃദ മല്‍സരങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇതില്‍ പ്രധാനം ലോകകപ്പ് രാജ്യമായ റഷ്യയിലെ പ്രധാന ലോകകപ്പ് വേദിയായ ലുസിനിക്കി സ്‌റ്റേഡിയത്തില്‍ നടക്കുന്ന റഷ്യ-ബ്രസീല്‍ പോരാട്ടമാണ്. ്ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം. ആതിഥേയര്‍ എന്ന നിലയില്‍ റഷ്യ നേരത്തെ തന്നെ ലോകകപ്പിന് യോഗ്യത നേടിയവരാണെങ്കില്‍ യോഗ്യതാ കടമ്പ കടന്നെത്തിയവരിലെ ഒന്നാമന്മാര്‍ ബ്രസീലാണ്.

ഇത്തവണ ലോകകപ്പിന് വ്യക്തമായ സാധ്യത കല്‍പ്പിക്കപ്പെടുന്ന സംഘങ്ങളില്‍ പ്രധാനികളാണ് ബ്രസീല്‍. നായക സ്ഥാനത്ത് എത്തുമെന്ന് കരുതപ്പെടുന്ന സൂപ്പര്‍ താരം നെയ്മര്‍ കാല്‍പാദത്തിലെ സര്‍ജറിക്ക് ശേഷം നാട്ടില്‍ വിശ്രമിക്കുകയാണെങ്കിലും ടിറ്റേയുടെ സംഘത്തിലെ മറ്റെല്ലാവരും മോസ്‌ക്കോയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ടീം ഹോട്ടലില്‍ ഒരുമിച്ച് കൂടിയ താരങ്ങള്‍ ലോകകപ്പ് മുന്‍നിര്‍ത്തി കൂടുതല്‍ ശക്തരായി നീങ്ങാനുള്ള തീരുമാനത്തിലാണ്. വിവിധ യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്നവരാണ് ബ്രസീല്‍ സംഘത്തിലെ പ്രമുഖരെല്ലാം. മുന്‍നിരയില്‍ ചെല്‍സിയുടെ വിലിയന്‍, ബാര്‍സയുടെ കുട്ടീന്യോ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗബ്രിയേല്‍ ജീസസ് എന്നിവരെല്ലാമുണ്ട്. പിന്‍നിരയില്‍ അനുഭവകരുത്തുമായി റയലിന്റെ ഡാനി കാര്‍വജാലും മാര്‍സിലോയും പി.എസ്.ജിയുടെ തിയാഗോ സില്‍വ, ഡാനി ആല്‍വസ്, യുവന്തസിന്റെ സാന്ദ്രോ എന്നിവരുള്ളപ്പോള്‍ ഗോള്‍വലയം കാക്കുന്നത് സിരിയ എ ടീമായ റോമുടെ കാവല്‍ക്കാരന്‍ ആലിസണായിരിക്കും. മധ്യനിരയില്‍ റെനാറ്റോ, ആന്‍ഡേഴ്‌സണ്‍ ടാസിക്, ഡഗ്ലസ് കോസ്റ്റ തുടങ്ങിയവരെല്ലാമുണ്ട്.റഷ്യന്‍ നിരയില്‍ സൂപ്പര്‍ താരങ്ങള്‍ കുറവാണ്. സി.എസ്.കെ.ഇ മോസ്‌ക്കോയുടെ താരങ്ങള്‍ക്കാണ് ദേശീയ സംഘത്തില്‍ ഭൂരിപക്ഷം..