ഈ ഇന്ത്യന്‍ താരങ്ങള്‍ക്ക് തന്റെ റെക്കോര്‍ഡ് തകര്‍ക്കാനാവും; ബ്രെയന്‍ ലാറ

ന്യൂഡല്‍ഹി: വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യന്‍ ടീമിന് ഐസിസി ടൂര്‍ണമെന്റുകള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. തന്റെ 400 റണ്‍സെന്ന ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയുന്ന മൂന്ന് താരങ്ങളെയും ലാറ തിരഞ്ഞെടുത്തു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി, ഓസിസ് താരം ഡേവിഡ് വാര്‍ണര്‍, ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ എന്നിവരാണ് ഈ കാലഘട്ടത്തില്‍ തന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാന്മാരെന്നാണ് ലാറയുടെ പക്ഷം.

‘കളിക്കുന്ന എല്ലാ ടൂര്‍ണമെന്റുകളിലും വിജയിക്കാന്‍ ഇന്ത്യന്‍ ടീമിന് തീര്‍ച്ചയായും കഴിയുമെന്ന് ഞാന്‍ കരുതുന്നു. ഒരു ടൂര്‍ണമെന്റില്‍ ഇന്ത്യയ്‌ക്കെതിരായി സുപ്രധാന മത്സരം കളിക്കുമെന്ന് മറ്റ് ടീമുകള്‍ക്ക് അറിയാം, അത് ക്വര്‍ട്ടര്‍ ഫൈനലോ സെമിഫൈനലോ ഫൈനലോ ആകും, ‘ലാറ പറഞ്ഞു.

2004ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ലാറയുടെ 400 റണ്‍സ് ഇന്നിങ്‌സ്. ലാറയുടെ ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഒന്നര പതിറ്റാണ്ടിന് ശേഷവും ആര്‍ക്കും സാധിച്ചട്ടില്ല. എന്നാല്‍ കോഹ്‌ലിക്കും രോഹിത്തിനും വാര്‍ണറിനും അതിന് സാധിക്കും. നാലാം നമ്പരില്‍ കളിക്കുന്നതിനാല്‍ സ്റ്റീവ് സ്മിത്തിന് ഒരുപക്ഷെ അതിന് സാധിച്ചുവെന്ന് വരില്ലെന്നും ലാറ വ്യക്തമാക്കി.

ഐസിസി ചാംപ്യന്‍സ് ട്രോഫി 2013ല്‍ ധോണിയുടെ കീഴില്‍ നേടിയതിന് ശേഷം ഒരു ഐസിസി ടൂര്‍ണമെന്റില്‍ പോലും കിരീടമുയര്‍ത്താന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചട്ടില്ല. ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് കോഹ്‌ലിക്ക് കീഴില്‍ ഇന്ത്യ നേടുമെന്നാണ് എല്ലാ ആരാധകരും പ്രതീക്ഷിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ഒക്ടോബറിലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്.