ന്യൂഡല്‍ഹി: ബോയ്സ് ലോക്കര്‍ റൂം കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പുതിയ തെളിവുകള്‍ പുറത്ത്. അന്വേഷണത്തിനിടെ ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്ലിന് ലഭിച്ച സ്നാപ്ചാറ്റിലെ ചില സ്ക്രീന്ഷോട്ടുകള്ക്കാണ് സംശയം ജനിപ്പിക്കുന്ന പുതിയ തെളിവുകള്‍. ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനെക്കുറിച്ച് രണ്ടു പേര് തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ സ്ക്രീന്‍ഷോട്ടുകളായിരുന്നു അവ. രണ്ടു ആണ്‍കുട്ടികള്‍ തമ്മില്‍ നടത്തിയ ചാറ്റിന്റെ സ്ക്രീന്‍ഷോട്ടുകളാണ് അവയെന്നാണ് ആദ്യം കരുതിയത്. പക്ഷേ അതിലൊരാള്‍ പെണ്‍കുട്ടിയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
അന്വേഷണത്തില്‍ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ സ്നാപ്ചാറ്റില്‍ നടത്തിയ സംഭാഷണത്തിന്റെ സ്ക്രീന്‍ഷോട്ടുകളാണെന്ന് തെളിഞ്ഞു. ‘സ്നാപ്ചാറ്റിലെ സിദ്ധാര്‍ഥ് എന്ന വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് പെണ്‍കുട്ടി ചാറ്റിങ്ങ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേരും പ്രായപൂര്‍ത്തിയാകാത്തവര്‍ ആയതുകൊണ്ട് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
തന്റെ ആണ് സുഹൃത്തിനെ ടെസ്റ്റ് ചെയ്യുന്നതിനുവേണ്ടിയാണ് മെസേജ് അയച്ചതെന്ന് പെണ്‍കുട്ടി കുറ്റസമ്മതം നടത്തിയതായി പൊലീസ് ഓഫീസര്‍ പറഞ്ഞു. വ്യാജ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുന്നത് തെറ്റാണ്, പക്ഷേ അവളുടെ ഉദ്ദേശ്യം സംശയാസ്പദമല്ല, അതിനാല്‍ ഞങ്ങള്‍ പരാതി എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.