നിസ്സഹകരിച്ച് കുറ്റിക്കാട്ടൂരും; ഹര്‍ത്താല്‍ പ്രതീതിയില്‍ ബി.ജെ.പിയുടെ ന്യായീകരണ റാലി

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ബിജെപി സംഘടിപ്പിക്കുന്ന വിശദീകരണ യോഗങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി കുറ്റിക്കാട്ടൂരില്‍ റാലി നടത്തുന്നതില്‍ പ്രതിഷേധിച്ചു റാലിപോലുകുന്ന വഴിയെ ഹര്‍ത്താല്‍ പ്രതീതിയിലാക്കി നാട്ടുകാര്‍. വ്യാപാരികള്‍ കടകളടച്ചും ഓട്ടോടാക്‌സി ജീവനക്കാര്‍ വാഹനങ്ങളെല്ലാം ടൗണില്‍ നിന്നും മാറ്റിയുമാണ് പ്രതിഷേധത്തില്‍ പങ്കാളികളാവുന്നത്.

വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന ബിജെപിയുടെ റാലിക്കെതിരെയാണ് പൂവ്വാട്ടുപറമ്പില്‍ മുതല്‍ കുറ്റിക്കാട്ടൂര്‍ വരെ ആളുകള്‍ സ്വമേധയാ നിസഹകരണവുമായി ഒഴിഞ്ഞുപോയത്. ആളുകളും വാഹനങ്ങളും ഒഴിഞ്ഞ അങ്ങാടിയില്‍ ശുഷ്‌ക്കമായ സദസ്സിനു മുമ്പില്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കാന്‍ എത്തുന്ന ബിജെപിക്ക് യോഗങ്ങള്‍ പോലും തിരിച്ചടിയാവുകയാണ്.

നേരത്തെ കുറ്റിയാടിയിലും കൊടുവള്ളിയിലും ബിജെപി പൊതുയോഗം ബഹിഷ്‌കരിച്ച് വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചിരുന്നു. ആലപ്പുഴയിലെ വളഞ്ഞവഴിയിലും ബിജെപി യോഗം നടക്കാനിരിക്കെ ഇത്തരത്തിലൊരു പ്രതിഷേധം നടന്നിരുന്നു.