ഷോക്കേറ്റ് പിടഞ്ഞ അമ്മയടക്കം നാലു പേരെ ഒറ്റയേറില്‍ രക്ഷിച്ച് അദ്വൈത്; എട്ടാം ക്ലാസുകാരന് അഭിനന്ദന പ്രവാഹം

പുത്തന്‍പീടിക: അമ്മയടക്കം ഷോക്കേറ്റ് പിടഞ്ഞ നാലു പേരെ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെയെത്തിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി. അമ്മ, വല്യമ്മ, അമ്മൂമ്മ, അയല്‍വാസിയായ വീട്ടമ്മ എന്നിവരെയാണ് അദ്വൈത് രജീഷ് രക്ഷിച്ചത്. ഷോക്കേറ്റു കിടക്കുകയായിരുന്ന ഇവരെ രക്ഷിക്കാനായി തറയോടിന്റെ കഷ്ണമെടുത്ത് ഇരുമ്പു തോട്ടിയിലേക്ക് അദ്വൈത് ആഞ്ഞെറിയുകയായിരുന്നു. ഏറ് കൃത്യമായി കൊണ്ടതോടെ തോട്ടി കമ്പിയില്‍ നിന്ന് തെന്നിമാറി.

പ്ലാവില്‍ നിന്ന് ഇരുമ്പു തോട്ടി കൊണ്ട് ചക്ക വീഴ്ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. ആദ്യം അമ്മ ധന്യയ്ക്കാണ് ഷോക്കേറ്റത്. ധന്യയെ രക്ഷിക്കന്നതിനിടെ അമ്മൂമ്മ ലളിത, ധന്യയുടെ ചേച്ചി ശുഭ, അയല്‍വാസി റോസി എന്നിവര്‍ക്കും ഷോക്കേറ്റു.

തൊട്ടടുത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്വൈത്. ഓടിയെത്തി അമ്മയുടെ വസ്ത്രത്തില്‍ പിടിച്ചതോടെ ഷോക്കേറ്റു. തൊട്ടുപിന്നാലെ വസ്ത്രത്തില്‍ നിന്ന് പിടിവിട്ട് അടുത്തു കിടന്ന ടൈല്‍ കഷ്ണമെടുത്ത് തോട്ടിയിലേക്ക് എറിയുകയായിരുന്നു. ഇതോടെ തോട്ടിയിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. നാലു പേരും രക്ഷപ്പെടുകയും ചെയ്തു.

ധന്യയുടെ പുറംഭാഗത്തും കാലിലും പൊള്ളലേറ്റു. ഇവരെ ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്തിട്ടുണ്ട്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അദ്വൈത് മണലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് പഠിക്കുന്നത്. സ്‌കൂളില്‍ പഠിച്ച പാഠമാണ് ഷോക്കേറ്റവരെ രക്ഷിക്കാന്‍ സഹായിച്ചത് എന്ന് അദ്വൈത് പറയുന്നു. മണലൂര്‍ വെളക്കേത്ത് രജീഷിന്റെ മകനാണ്.

SHARE