ഡോര്‍ട്ടുമുണ്ട്: ബൊറൂസിയ ഡോര്‍ട്ടുമുണ്ട് ടീം അംഗങ്ങള്‍ സഞ്ചരിച്ച ബസ് ബോംബ് സ്ഫോടനത്തില്‍ തകര്‍ത്തത് ഇസ്ലാമിക തീവ്രവാദികളല്ലെന്ന് പൊലീസ് വെളിപ്പെടുത്തല്‍. ആക്രമണം നടത്തിയത് റഷ്യന്‍ സ്വദേശിയായ യുവാവാണെന്ന് തെളിഞ്ഞു. 28കാരനായ സെര്‍ജീ ഡബ്യൂ ആണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ഇന്നു രാവിലെ അറസ്റ്റു ചെയ്തതോടെയാണ് രണ്ടാഴ്ചയിലേറെ തുടര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് അന്ത്യമായത്. സ്റ്റോക്ക് എക്സ്ചേഞ്ചിലെ നഷ്ടമാണ് ആക്രമണത്തിനു പിന്നിലെ കാരണമെന്നാണ് പൊലീസ് ഭാഷ്യം.
എഎസ് മൊണാക്കയുമായി യൂറോപ്യന്‍ ചാമ്പ്യന്‍ ലീഗ് ക്വാര്‍ട്ടര്‍ഫൈനലില്‍ പങ്കെടുക്കാന്‍ സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടതായിരുന്നു ബൊറൂസിയ ഡോര്‍ട്ടുമുണ്ട് ടീം. താരങ്ങളുടെ വാഹനം കടന്നു പോകുന്ന വഴിയില്‍ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിക്കുകയായിരുന്നു. സ്ഫോടനത്തില്‍ പരിക്കേറ്റ ഡോര്‍ട്ട്മുണ്ട് സ്പാനിഷ് താരം മാര്‍ക് ബാര്‍ട്ര ഇപ്പോഴും ചികിത്സയിലാണ്.
സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മൂന്നു പേര് രംഗത്തു വന്നെങ്കിലും യഥാര്‍ത്ഥത്തില്‍ ആക്രമണം നടത്തിയത് ഇവരല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സെര്‍ജി പിടിയിലായത്.
റ്യൂബിങനില് ഇലക്ട്രിക് സാമഗ്രികളുടെ സ്ഥാപനം നടത്തുന്നയാളാണ് സെര്‍ജീ ഡബ്യൂ. തീവ്രവാദ സംഘടനകളുമായി ബന്ധമില്ലാത്ത ഇയാള്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ നിരവധി ബോണ്ടുകള്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ നഷ്ടം സംഭവിക്കുമെന്ന ഭീതിയില്‍ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വിവരം. ഭീതിത അന്തരീക്ഷം സൃഷ്ടിച്ച് ബൊറൂസിയില്‍ നിന്ന് മൂന്നര മില്യണ്‍ യൂറോ വാങ്ങിയെടുക്കാമെന്നായിരുന്നു ഇയാളുടെ ലക്ഷ്യം.