ലണ്ടന്‍: മരണത്തിന്റെ മുനമ്പില്‍നിന്നും തന്റെ ജീവന് രക്ഷിച്ച ഡോക്ടര്‍മാരുടെ പേര് സ്വന്തം കുഞ്ഞിന് നല്കി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. ‘വില്‍ഫ്രഡ് ലോറ നിക്കോളാസ് ജോണ്സണ്’ എന്നാണ് ബോറിസ് ജോണ്‍സണും പങ്കാളി കാരി സിമണ്ട്സും ഇവരുടെ ആണ്‍കുഞ്ഞിന് പേരിട്ടത്. ഇതില്‍ നിക്കോളാസ് എന്ന മിഡില്‍ നെയിമാണ് സെന്റ് തോമസ് എന്‍എച്ച്എസ് ആശുപത്രിയില്‍ തന്റെ ജീവന് രക്ഷിച്ച ഡോക്ടര്‍മാരോടുള്ള നന്ദിസൂചകമായി ചേര്‍ത്തത്.
കോവിഡ് ബാധിതനായി നാലുദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയേണ്ടിവന്ന ബോറിസിനെ ഡോക്ടര്‍മാരായ നിക്ക് പ്രൈസും നിക്ക് ഹാര്‍ട്ടുമായിരുന്നു ചികില്‍സിച്ചത്. ഇവരെ സ്മരിച്ചുകൊണ്ടാണ് കാരിയുടെ യഥാര്‍ഥ പേരായ ലോറയോടൊപ്പം മിഡില്‍ നെയിമായി നിക്കോളാസ് എന്നുകൂടി ചേര്‍ത്തത്. കാരി സിമണ്ട്സ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വില്‍ഫ്രഡ് എന്ന പേര് ബോറിസിന്റെ മുത്തച്ഛന്റേതാണ്.