ജൗഖയുടെ ബുക്കര്‍ കൃതി മലയാളത്തില്‍ പുറത്തിറങ്ങുന്നു

അശ്‌റഫ് തൂണേരി

ദോഹ: മാന്‍ബുക്കര്‍പ്രൈസ് ഇന്‍ര്‍നാഷണല്‍ നേടിയ ആദ്യ അറബ് എഴുത്തുകാരി ജൗഖ അല്‍ഹാരിസിയുടെ സെലസ്റ്റിയല്‍ ബോഡീസ് എന്ന കൃതിയുടെ മലയാള വിവര്‍ത്തനം പുറത്തിറക്കുന്നത് ഒലീവ് പബ്ലിക്കേഷന്‍. ദല്‍ഹി സര്‍വ്വകലാശാലയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ ഇബ്രാഹിം ബാദുഷ വാഫിയാണ് പരിഭാഷകന്‍. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭ്യമായിട്ടുണ്ടെന്നും ഒലീവ് പബ്ലിക്കേഷന്റെ പബ്ലിഷിംഗ് ഡിവിഷനായ ഒലീവ് ടിയുടെ മാനേജിംഗ് ഡയരക്ടര്‍ വി സി തോമസിന്റെ ശ്രമഫലമായാണ് ബുക്കര്‍ ജേതാവിന്റെ പുസ്തകം മലയാളികള്‍ക്ക് പരിചയപ്പെടുത്താനുള്ള അവസരം ഒലീവിന് ലഭിച്ചതെന്നും ഒലീവ് പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ ഡോ. എം കെ മുനീര്‍ എം എല്‍ എ  പറഞ്ഞു.

മലയാളത്തില്‍ തന്റെ പുസ്തകത്തിന്റെ പരിഭാഷ നിര്‍വ്വഹിക്കാനുള്ള കരാറില്‍ ഒരു പബ്ലിഷിംഗ് ഹൗസ് ഏര്‍പ്പെട്ടിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താറായിട്ടില്ലെന്നുമായിരുന്നു നേരത്തെ  ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് ‘ചന്ദ്രിക’യുമായി സംസാരിക്കവെ ജൗഖ അല്‍ഹാരിസി വ്യക്തമാക്കിയിരുന്നത്. സുല്‍ത്താന്‍ ഖാബൂസ് സര്‍വ്വകലാശാലയിലെ കോളെജ് ഓഫ് ആര്‍ട്‌സ് ആന്റ് സോഷ്യല്‍ സയന്‍സസില്‍ അറബ് വിഭാഗത്തിലാണ് ഡോ.ജൗഖ ജോലി ചെയ്യുന്നത്.

അഞ്ചോളം പ്രസിദ്ധീകരണാലയങ്ങളാണ് മലയാളത്തില്‍ നിന്ന് അപേക്ഷയുമായെത്തിയത്.  മലയാളത്തിന്റെ വായനാ ശൈലിയോട് ചേര്‍ന്ന് നില്‍ക്കുന്ന പല സന്ദര്‍ഭങ്ങളും നോവലില്‍ കടന്നു വന്നിട്ടുണ്ടെന്നും അത് അപ്പടി ട്രാന്‍സ്‌ക്രിയേറ്റ് ചെയ്യാനുള്ള തന്റെ ശ്രമം വിജയിച്ചുവെന്നാണ് വിശ്വസിക്കുന്നതെന്നും പരിഭാഷകനായ ബാദുഷ പറഞ്ഞു.

സൈമണ്‍ ആന്റ് ഷസ്്റ്റര്‍ പുറത്തിറക്കിയ പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത് പ്രമുഖ അറബ് വിവര്‍ത്തക മെര്‍ലിന്‍ ബൂത്ത് ആണ്. ജൗഖയുടെ ഏറെ വായിക്കപ്പെട്ട മറ്റൊരു കൃതിയായ നാരന്‍ജാ എന്ന അറബ് രചനയും ഉടന്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഒക്‌സ്‌ഫേര്‍ഡ് സര്‍വ്വകലാശാലയിലെ കണ്ടംപററി അറബ് വേള്‍ഡ് പഠന വിഭാഗം പ്രഫസറായ മെര്‍ലിന്‍ ബൂത്ത്.

ബുക്കര്‍ നേടി അധിക നാളുകള്‍ക്കകം തന്നെ ഇന്ത്യന്‍ വിപണിയിലെത്തിയ സെലസ്റ്റിയല്‍ ബോഡീസ് എന്ന നോവലിന് വന്‍ വരവേല്‍പ്പാണ് വായനക്കാരില്‍ നിന്ന് ലഭിച്ചത്. അതുകൊണ്ടു തന്നെ മലയാള പരിഭാഷ ഏറെ വായിക്കപ്പെടാനിടയുണ്ടെന്ന്  പ്രസാധകര്‍ വ്യക്തമാക്കുന്നു. സയ്യിദാത്തുൽ ഖമർ എന്ന അറബ് മൂല കൃതിയിൽ നിന്നാണ് വിവർത്തനം മലയാളത്തിലേക്ക് വരുന്നത്. വളാഞ്ചേരി മര്‍ക്കസില്‍ നിന്ന് വാഫി ബിരുദം കരസ്ഥമാക്കിയ ബാദുഷക്ക് അറബ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദമുണ്ട്. കൂടാതെ  ദല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് തന്നെ ഇംഗ്ലീഷില്‍  ബിരുദാനന്തര ബിരുദവും നേടി. 

ചന്ദ്രിക ആഴ്ചപ്പതിപ്പിലൂടെയാണ് ബാദുഷയുടെ ആദ്യ വിവര്‍ത്തനം പുറത്തുവന്നത്. അറബ് എഴുത്തുകാരനായ തൗഫീഖില്‍ ഹക്കീമിന്റെ ലൈലത്തുസ്സവാഫ് എന്ന കഥ ആദ്യ രാത്രി എന്ന പേരിലായിരുന്നു പ്രസിദ്ധീകരിച്ചത്. വിവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി കെ വി അനൂപ് സ്മാരക കലാലയ പ്രതിഭാ പുരസ്‌കാരം നേടിയ ബാദുഷ  തൃശൂര്‍ കാട്ടൂര്‍ അറയിലകത്ത് മുഹമ്മദ് മുസ്ല്യാര്‍ ഫാത്തിമ ദമ്പതികളുടെ മകനാണ്.

SHARE