പൗരത്വനിയം ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ രാജ്യദ്രോഹികളല്ല; ബോംബെ ഹൈക്കോടതി

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ രാജ്യദ്രോഹികളും ദേശവിരുദ്ധരും അല്ലെന്ന് ബോംബെ ഹൈക്കോടതി. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.

ജില്ലാ മജിസ്‌ട്രേറ്റും പോലീസും പ്രതിഷേധം സംഘടിപ്പിക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇഫ്തിക്കര്‍ ഷെയ്ഖ് എന്ന വ്യക്തി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാല്‍ അവര്‍ ഒറ്റുകാരും രാജ്യദ്രോഹികളും ആകുന്നില്ല. സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം രാജ്യത്തെ ഓരോ പൗരനുമുണ്ടെന്നും വിധിയില്‍ വ്യക്തമാക്കുന്നു. സമാധാനപരമായ മാര്‍ഗത്തിലൂടെ പ്രതിഷേധം അറിയിക്കാനാണ് ഹര്‍ജിക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. ദില്ലിയിലെ ഷെഹീന്‍ബാഗില്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സമരം ശക്തമായി തുടരുകയാണ്.

SHARE