അമിതാഭ് ബച്ചന് അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചു; നടി രേഖയുടെ ഫ്‌ലാറ്റ് സീല്‍ ചെയ്തു

മുംബൈ: ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചു. ബച്ചന് പിന്നാലെ അഭിഷേകും ട്വിറ്റിറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ച കാര്യം നേരത്തെ ട്വിറ്ററിലൂടെ അറിയിച്ച അമിതാഭ് ബച്ചന്‍ മുംബൈ നാനവതി ആശുപത്രിയില്‍ ചികിത്സയിലാണ്. താനുമായി ബന്ധപ്പെട്ടവരോട് നിരീക്ഷണത്തിലിരിക്കാന്‍ ബച്ചന്‍ ആവശ്യപ്പെട്ടിരുന്നു. അമിതാഭ് ബച്ചന്‍ തന്നെ പ്രഖ്യാപനം നടത്തി ആരാധകരെ അറിയിച്ചതിനാല്‍ ഔദ്യോഗിക പ്രഖ്യാപനം ഇനിയുണ്ടാവില്ലെന്നും ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. ബച്ചന് ഇപ്പോള്‍ വെന്റിലേറ്ററിന്റെ ആവശ്യമില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.

എന്നാല്‍ ജയാ ബച്ചനും ഐശ്വര്യാ റായിയുമടങ്ങു്്ന്ന കുടുംബാഗങ്ങളേയും ജോലിക്കാരേയും പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം, ബോളിവുഡ് താരങ്ങള്‍ കോവിഡ് വ്യാപനത്തില്‍പെട്ടതായ സൂചനകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും പുറത്തുവരുന്നത്. ബോളിവുഡിലെ മുതിര്‍ന്ന നടി രേഖയുടെ ഫ്‌ലാറ്റ് സീല്‍ ചെയ്തു. കഴിഞ്ഞ ദിവസം ഫ്‌ലാറ്റിലെ സെക്യൂരിറ്റി ഗാര്‍ഡിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണിത്. താമസക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നതായാണ് വിവരം.

മുംബൈയിലെ ബാന്ദ്രയിലെ ബാന്‍ഡ്സ്റ്റാന്‍ഡ് പ്രദേശത്താണ് രേഖയുടെ സീ സ്പ്രിംഗ്‌സ് ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. രണ്ട് സെക്യൂരിറ്റി ഗാര്‍ഡുകളുള്ള വീടിലെ ഒരാള്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ മാസം, ആമിര്‍ ഖാന്റെ ഏഴ് വീട്ടുജോലിക്കാരില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹവും കുടുംബവും നിരീക്ഷണത്തിലായിരുന്നു. നേരത്തെ, ജാന്‍വി കപൂറിന്റെ സ്റ്റാഫും കരണ്‍ ജോഹറിന്റെ സ്റ്റാഫ് അംഗങ്ങളും കോവിഡ് പോസ്റ്റീവ് ആയിരുന്നു.