തിരുവനന്തപുരം: വര്‍ക്കല സ്വദേശിനിയുടെ മകളാണെന്ന വാദത്തിന് മറുപടിയുമായി ബോളിവുഡ് ഗായിക അനുരാധ പഡ്വാള് രംഗത്ത്. പ്രശസ്ത ബോളിവുഡ് ഗായിക പത്മശ്രീ അനുരാധ പഡ്വാള് തന്റെ അമ്മയാണെന്ന് അവകാശപ്പെട്ടായിരുന്നു മലയാളി യുവതി രംഗത്തെത്തിയത്. ഒടുവില്‍ സംഭവത്തില്‍ ഒടുവില്‍ പ്രതികരണവുമായി ഗായിക തന്നെ എത്തുകയായിരുന്നു. തനിക്ക് അങ്ങനെ ഒരു മകളില്ലെന്നും ഇത്തരം വിഡ്ഢിത്തരത്തോട് പ്രതികരിക്കാനില്ലെന്നും അനുരാധ പറഞ്ഞു. തനിക്ക് ഒരു നിലവാരമുണ്ടെന്നും അതുകൊണ്ട് ഇത്തരം വിഷയങ്ങളില്‍ വലിച്ചിഴക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അനുരാധ വിശദീകരിച്ചു.
അനുരാധ പഡ്വാള് മാതൃത്വം അംഗീകരിക്കണമെന്നും തന്റെ ബാല്യകാലവും മാതൃസ്നേഹവും നഷ്ടപ്പെടുത്തിയതിന് നഷ്ടപരിഹാരമായി 50 കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് കര്‍മ്മല മോഡെക്സ് എന്ന യുവതിയാണ് ജില്ലാകോടതിയെ സമീപിച്ചത്. വര്‍ക്കലയിലാണ് കര്‍മ്മലയുടെ താമസം.
അനുരാധയും അരുണ്‍ പഡ്വാളും 1969ലാണ് വിവാഹിതരായത്. 1974ല്‍ കര്‍മ്മല ജനിച്ചു. സംഗീത ജീവിതത്തില്‍ തിരക്കേറിയതോടെ കുഞ്ഞിനെ കുടുംബസുഹൃത്തായിരുന്ന വര്‍ക്കല സ്വദേശികളായ പൊന്നച്ചന്-ആഗ്നസ് ദമ്പതികളെ നോക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു. സൈനികനായിരുന്ന പൊന്നച്ചന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറിയപ്പോള്‍ കുഞ്ഞിനെ തിരികെ കൊണ്ടുപോകാന്‍ അനുരാധയും ഭര്‍ത്താവും വന്നിരുന്നെങ്കിലും, എന്നാല്‍ കുട്ടി അവര്‍ക്കൊപ്പം പോകാന്‍ തയ്യാറാവാത്തതിനാല്‍ അവര്‍ തിരിച്ചുപോവുകയായിരുന്നുവെന്നാണ് കര്‍മ്മല പറഞ്ഞു.
പൊന്നച്ചന്റെയും ആഗ്നസിന്റെയും മൂന്ന് മക്കള്‍ക്കൊപ്പമാണ് താന്‍ വളര്‍ന്നതെന്നും പൊന്നച്ചന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടതിനാല്‍ 10ാം ക്ലാസിനു ശേഷംപഠനം തുടരാന്‍ സാധിച്ചില്ലെന്നും കര്‍മ്മല പറയുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് മരണക്കിടക്കയില്‍ വച്ചാണ് പൊന്നച്ചന് ഇക്കാര്യം തന്നോടു വെളിപ്പെടുത്തിയതെന്നും അന്നു മുതല്‍ അനുരാധയെ കാണാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും യുവതി വെളിപ്പെടുത്തുന്നു. പ്രായപൂര്‍ത്തിയായ മറ്റു രണ്ടു മക്കള്‍ അനുവദിക്കില്ലെന്നായിരുന്നു ഗായികയുടെ പ്രതികരണമെന്നാണ് കര്‍മ്മല അവകാശപ്പെടുന്നത്. തനിക്കു ലഭിക്കേണ്ട മാതൃത്വവും ബാല്യ കൗമാര കാലങ്ങളിലെ പരിചരണവും നിഷേധിച്ചതിനാല്‍ 50 കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് കര്‍മ്മലയുടെ ആവശ്യം.
കേസ് ജനുവരി 27നാണ് കോടതി പരിഗണിക്കുക. അനുരാധ പഡ്വാളിനെയും രണ്ട് കുട്ടികളെയും നേരിട്ട് ഹാജരാക്കാന്‍ തിരുവനന്തപുരം ജില്ലാ കുടുംബ കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കര്‍മ്മലയുടെ അഭിഭാഷകന് അനില്‍ പ്രസാദ് പറഞ്ഞു. കേസ് ഫയല്‍ ചെയ്യുന്നതിന് മുമ്പ് ഗായകനെയും രണ്ട് മക്കളെയും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ അവരില്‍ നിന്ന് ഒരിക്കലും നല്ല പ്രതികരണം ലഭിച്ചില്ലെന്നും അദ്ദേഹവും വ്യക്തമാക്കിയിരുന്നു. അനുരാധ പഡ്വാളും അരുണ്‍ പഡ്വാളും കര്‍മ്മലയുടെ അവകാശവാദം നിരസിക്കുകയാണെങ്കില്‍, അവര്‍ ഡിഎന്‍എ പരിശോധന ആവശ്യപ്പെടുമെന്നും പ്രസാദ് പറഞ്ഞിരുന്നു.