ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ (42) അന്തരിച്ചു. വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.

വാണ്ടഡ്, ഏക്താ, ടൈഗര്‍, ദബാംഗ് തുടങ്ങിയവ വാജിദ് സംഗീതമൊരുക്കിയ പ്രധാന ചിത്രങ്ങളാണ്. സഹോദരന്‍ സാജിദുമായി ചേര്‍ന്ന് നിരവധി സിനിമകളില്‍ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. ഐപിഎല്‍ നാലാം സീസണിലെ തീം സോങ് ഒരുക്കിയത് വാജിദ്‌സാജിദ് കൂട്ടുകെട്ടാണ്.

സംഗീത സംവിധായകന്‍ സലിം മര്‍ച്ചന്റാണ് വാജിദിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ചെമ്പൂരിലെ സുരാന ആശുപത്രിയില്‍ വാജിദ് ചികിത്സയിലായിരുന്നുവെന്ന് സലീം പറഞ്ഞു. അദ്ദേഹത്തിന് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. വൃക്ക സംബന്ധിച്ച് പ്രശ്‌നമുണ്ടായിരുന്നു. കുറച്ചുനാള്‍ മുമ്പ് ട്രാന്‍സ്പ്ലാന്റ് നടത്തി. എന്നാല്‍ അടുത്തിടെ വൃക്കയില്‍ അണുബാധയുണ്ടായി. കഴിഞ്ഞ നാല് ദിവസമായി അദ്ദേഹം വെന്റിലേറ്ററിലായിരുന്നുവെന്നും സലിം പറഞ്ഞു.

SHARE