പ്രമുഖ ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാന്‍ അന്തരിച്ചു

മുംബൈ: പ്രമുഖ ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാന്‍ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബാന്ദ്ര ഗുരുനാനാക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജൂണ്‍ 20നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 1.52നായിരുന്നു മരണം. ഇവര്‍ക്ക് കടുത്ത പ്രമേഹവും അനുബന്ധ അസുഖങ്ങളും ഉണ്ടായിരുന്നു. നാലുപതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തില്‍ 2000ലധികം ഗാനങ്ങള്‍ക്കാണ് നൃത്തസംവിധാനമൊരുക്കിയത്. മൂന്നുവട്ടം ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

മാധുരി ദീക്ഷിത് അഭിനയിച്ച ‘ഏക് ദോ തീന്‍'(തേസാബ്), ഐശ്വര്യ റായി ബച്ചനും മാധുരി ദീക്ഷിതും ചുവടുകള്‍വെച്ച ‘ഡോലാ രേ'(ദേവദാസ്), കരീന കപൂര്‍ അഭിനയിച്ച ‘യേ ഇഷ്‌ക് ഹായേ'(ജബ് വി മെറ്റ് ) തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ കോറിയോഗ്രഫി നിര്‍വഹിച്ചത് സരോജ് ഖാനായിരുന്നു. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത കലങ്ക് സിനിമയിലെ ‘തബാ ഹോ ഗയേ’ ആണ് അവസാനം നൃത്തസംവിധാനം ചെയ്ത ഗാനം.

SHARE