രാഷ്ട്രീയ പ്രവേശനം; പ്രതികരണവുമായി ബോളിവുഡ് താരം ആമിര്‍ഖാന്‍

മുംബൈ: അഭിനയത്തിലും വ്യക്തിജീവിതത്തിലും വ്യത്യസ്ഥനാണ് ബോളിവുഡ് താരം ആമിര്‍ഖാന്‍. പലപ്പോഴായി നല്‍കിയ ചില ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉത്തരങ്ങളിലെ വിമര്‍ശന സ്വഭാവം തന്നെയാണ് ഇങ്ങനൊരു ചോദ്യത്തിലേക്കും നയിച്ചിരിക്കുന്നത്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനെത്തെക്കുറിച്ചാണ് ഇത്തവണ ചോദ്യം. എന്‍.ഡി.ടി.വി സംഘടിപ്പിച്ച യുവ കോണ്‍ക്ലേവിലാണ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആമിര്‍ഖാന്‍ മറുപടി നല്‍കിയത്.

കലാകാരന്‍ എന്ന നിലയില്‍ ചെയ്യാനാവുന്നതില്‍ കൂടുതലൊന്നും ചെയ്യാന്‍ രാഷ്ട്രീയക്കാരനായാല്‍ തനിക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് ആമിര്‍ഖാന്‍ പറഞ്ഞു. സര്‍ഗാത്മകതയാണ് തന്റെ ബലം. കലാകാരന്‍ എന്ന നിലയില്‍ നന്നായി വിനിമയം ചെയ്യാനാവുന്നുണ്ട് തനിക്ക്. മനുഷ്യരുടെ ഹൃദയം തൊടാനാവുന്നുണ്ടെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവരേയും പോലെത്തന്നെ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പേടിയാണെന്നും പേടിയാണോ എന്ന ചോദ്യത്തിന് മറുപടിയായി ആമിര്‍ നല്‍കി.

എന്നാല്‍ പൗരന്മാര്‍ എന്ന നിലയില്‍ സര്‍ക്കാരുകളെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ആമിര്‍ ഊന്നിപ്പറഞ്ഞു. നമ്മള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥരാണ് അവര്‍, അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ അസഹിഷ്ണുതാ പരാമര്‍ശം നടത്തിയ ആമിര്‍ഖാന് ഹിന്ദുത്വവാദികളുടെ വിമര്‍ശനം നേരിടേണ്ടിവന്നിരുന്നു. രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണെന്ന് താരം പറഞ്ഞിരുന്നു.

SHARE