തടികൂടിയതിന്റെ പേരില്‍ നിങ്ങള്‍ പരിഹസിക്കപ്പെടുന്നുണ്ടോ? ഈ യുവതിയുടെ കുറിപ്പ് വായിക്കൂ…മറുപടിയുണ്ട്

തടികൂടിയതിന്റെ പേരില്‍ പലര്‍ക്കും പല രീതിയിലുള്ള പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടാവും. എന്നാല്‍ തടികൂടിയതിന്റെ പേരില്‍ നേരിടുന്ന കളിയാക്കലുകളെ സരസമായി നേരിട്ട അനുഭവങ്ങളും ഉപദേശിക്കുന്നവരോടുള്ള മറുപടിയുമാണ് ഫെബീന തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെക്കുന്നത്.

ഫബീനയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

നാലുകിലോയുള്ള ഒരു തക്കുടുമുണ്ടന്‍ വാവയായാണത്രെ ഞാന്‍ ജനിച്ചത്.. സാധാരണ ന്യൂബോണ്‍ കുഞ്ഞുങ്ങള്‍ക്കുള്ള അന്നത്തെ ‘പിന്നീക്കെട്ടി’ എന്നറിയപ്പെടുന്ന കോറത്തുണികൊണ്ടുള്ള പറ്റുകുപ്പായം ഇടീപ്പിച്ചപ്പോള്‍ കേറുന്നുണ്ടായിരുന്നില്ല പോലും.. ‘ഹമ്പോ.. ഈ കൊച്ചിന് കുപ്പായം പറഞ്ഞുണ്ടാക്കേണ്ടി വര്വോലോ.. ‘ എന്നൊരു കമന്റും അതിനുള്ള ചിരികളുമായിരിക്കണം ഞാന്‍ ലൈഫില്‍ ആദ്യമായി കേട്ട ‘തമാശ’ !!

എട്ടോ പത്തോ വയസുള്ളപ്പൊ കുന്നംകുളത്തെ ഒരു പ്രശസ്തപീഡിയാട്രീഷ്യനുമായി ഉമ്മ തര്‍ക്കിച്ചത് എനിക്കിന്നും ഓര്‍മ്മയിലുണ്ട്.. ഉമ്മ പറഞ്ഞുകൊടുത്ത വയസ് തെറ്റാണെന്ന് അങ്ങേര് ചുവരില്‍ ഒട്ടിച്ച ചാര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചു സമര്‍ഥിച്ചു.. കൃത്യം രണ്ടു വയസ്സിന്റെ നീളവും ഭാരവും കൂടുതല്‍.. നിങ്ങക്ക് കൊല്ലം മാറിയതാണുമ്മാ എന്നും പറഞ്ഞു സ്‌കോര്‍ ചെയ്തു നിന്ന അങ്ങേരെ ഇറാഖ് കുവൈറ്റ് യുദ്ധം ഉണ്ടായ കൊല്ലമാണ് സാറേ ഞാനോളെ പെറ്റതെന്ന് ചരിത്രത്തെ വരെ കൂട്ടുപിടിച്ചു പോയ്ന്റ്‌സ് നിരത്തി ഉമ്മ തോല്‍പ്പിച്ചു.

എട്ടാം ക്ലാസില്‍ പുതിയ സ്‌കൂളില്‍ ചേരാന്‍ ചെന്നപ്പോള്‍ ആ സ്‌കൂളിലെ പ്രധാന സാദാചാരത്തിന്റെ അസുഖമുള്ള ടീച്ചര്‍ സ്റ്റാഫ്‌റൂമില്‍ വച്ചു എല്ലാവരും കേള്‍ക്കെ പുഷ്ടിയുള്ള പെണ്‍കുട്ട്യോള് യൂണിഫോം ചുരിദാര്‍ തയ്ക്കണമെന്ന് ഓര്‍ഡറിട്ടതോര്‍ക്കുന്നു. കുനിഞ്ഞ ശിരസോടെ, നിറഞ്ഞ കണ്ണുകളോടെ, അപകര്‍ഷതാബോധം പേറി അന്നത് കേട്ടുനിന്നു. പാവാടേം ബ്ലൗസും ആണന്ന് എല്ലാവര്‍ക്കും യൂണിഫോം. വിരലിലെണ്ണാവുന്നവര്‍ മാത്രം ടീച്ചറുടെ ചുരിദാറിടീക്കല്‍യോജന പ്രകാരം കൂട്ടത്തില്‍ ചേരാതെ, തന്റേതല്ലാത്ത കാരണത്താല്‍ വലുതായിപ്പോയെന്ന കുറ്റത്തിന് വേറിട്ടു നിന്നു. പിന്നീടുള്ള മൂന്നുകൊല്ലം ഏതൊക്കെയോ വിഷയങ്ങള്‍ അവരെന്റെ ക്ലാസ്സ്‌റൂമില്‍ എടുത്തിരുന്നെങ്കിലും അവരെനിക്ക് സ്‌പെഷ്യലായി എടുത്തു തന്നിട്ടുള്ള വാല്യേക്കാരത്തി പെങ്കുട്ട്യോള് ഓടാമോ.. ചാടാമോ.. മിണ്ടാമോ തുടങ്ങിയ അടക്കമൊതുക്കഗിരിപ്രഭാഷണങ്ങളാണ് മനസ്സില്‍ തങ്ങിനില്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരുദിവസം ബസ്സില്‍ വച്ചു കണ്ടിട്ടും, അവര്‍ക്കെന്നെ മനസിലായെന്ന് അറിഞ്ഞിട്ടും, അപരിചിതത്വം അത്രമേല്‍ സ്വാഭാവികമായി അഭിനയിച്ചു ഇറങ്ങിപ്പോകാനേ തോന്നിയുള്ളൂ.

മ്മള് മലയാളികളോളം മറ്റുള്ളോരുടെ തടിയില്‍ ഉത്കണ്ഠയുള്ള വേറെ ഒരു കൂട്ടരും ഉണ്ടാവില്ല.. വഴിയേപോകുന്നവര്‍ വരെ ഡയറ്റ് പറഞ്ഞു തരാനും ക്രിമിനല്‍ കുറ്റം ചെയ്തപോലെ ക്രോസ്സ് വിസ്താരം ചെയ്യാനും തടിയന്റെ ജീവിതം ബാക്കി..

‘ റേഷന്‍ എവിടുന്നാ ‘

‘വീട്ടിലുണ്ടാക്കുന്നത് മുഴോന്‍ നീയാണോ തിന്നണേ ‘

‘ കെട്ടാന്‍ ചെക്കനെ പറഞ്ഞുണ്ടാക്കേണ്ടി വര്വോലോ..’

‘ഇവളിനീം വലുതാവണമുമ്പ് കെട്ടിക്കാന്‍ നോക്ക്.. ‘

പത്തു പതിനാറു വയസ്സിനുള്ളില്‍ പലപ്പോഴായി കേട്ടിട്ടുള്ള ബോഡിഷേമിങ് കമന്റുകള്‍ പിഴിഞ്ഞെടുത്താല്‍ ദോ ഇത്രേം വരും.. അജ്മീറിലെ ചെമ്പെന്നൊരു വിളിപ്പേരുണ്ടായിരുന്നു പ്ലസ്ടുകാലത്ത്.. ( അങ്ങനെ വിളിച്ചിരുന്ന കുറേ തെണ്ടികള്‍ ഈ പോസ്റ്റ് വായിക്കുന്നുണ്ട് എന്നെനിക്കറിയാം ) ആ ഒരു പ്രായത്തില്‍ അതെല്ലാം എത്ര വിഷമിപ്പിച്ചിരുന്നു എന്ന് നിങ്ങള്‍ക്കൊന്നും സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല.

അഭ്യുദയകാംക്ഷികളുടെ വര്‍ഷങ്ങളോളം നീണ്ട വേവലാതിക്ക് അറുതി വരുത്തിക്കൊണ്ട് ഡിഗ്രി രണ്ടാം വര്‍ഷത്തില്‍ എന്നേക്കാള്‍ നീളവും തടിയും ഉള്ള ആളെത്തന്നെ കെട്ടി.. ഇനിയെങ്കിലും ഇതൊന്നും കേള്‍ക്കണ്ടല്ലോ എന്ന് കരുതി നിന്നപ്പോഴാണ് വേദിയില്‍ വച്ചു ഒരു കുടുംബക്കാരന്‍ കാര്‍ന്നോര്‍ ഒരു വല്ല്യ തമാശ കലര്‍ന്ന ഉപദേശം തന്നത്.

‘ വിരുന്നിന് നടന്ന് ഇഞ്ഞും തടിക്കണ്ടട്ടാ.. വെയിറ്റ് താങ്ങി ആ ചെക്കന്‍ കഷ്ട്ടപ്പെട്ടു പോകും..’

അങ്ങേയറ്റം ആഭാസപരമായ ആ കമന്റ് റദ്ദ് ചെയ്തത് എന്റെ ഒരുപാട് നല്ല നിമിഷങ്ങളെയായിരുന്നു. താന്‍ തന്റെ പാടു നോക്കടോ എന്നെങ്കിലും പറയാതെ ചിരിച്ചു അഡ്ജസ്റ്റ് ചെയ്ത എന്നെ എനിക്ക് ഇപ്പഴും വെറുപ്പാണ്.

ജീവിതം ഏതാണ്ട് മൂന്നു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ അടുത്തകാലത്തെപ്പഴോ ഞാനെന്നെ പ്രണയിക്കാന്‍ പഠിക്കുകയുണ്ടായി. സെല്‍ഫ് ലവ്, സെല്‍ഫ് റെസ്‌പെക്ട് ഇത്യാദി സൂക്കേടുകള്‍ കൂടിയതോടെ ഞാനല്ലാതെ വേറൊരുത്തനും എന്നെ ജഡ്ജ് ചെയ്യേണ്ടതില്ലെന്ന് അങ്ങട് തീരുമാനിച്ചു. അതോടെ കേള്‍ക്കുന്നതെന്തും ചിരിച്ചു കേട്ട്‌നിന്ന് ഉള്ളിലിട്ട് നീറ്റി സ്വയം വെറുപ്പിക്കുന്ന കലാപരിപാടിക്ക് അവസാനം വന്നു.. ഇപ്പൊപിന്നെ ഓണ്‍ദി സ്‌പോട്ടില്‍ മറുപടി കൊടുത്തിരിക്കും.

എന്റെ തടിയെപ്പറ്റി വല്ലാണ്ട് ഉത്കണ്ഠപ്പെടുന്നവരോട് നിങ്ങടെ റേഷന്‍ കാര്‍ഡില്‍ എന്റെ പേരുണ്ടോന്ന് ചോദിക്ക്യാ .. നിനക്ക് തടി കുറച്ചൂടെ എന്ന് ചോദിക്കുന്നോരെ മൈ ബോഡി.. മൈ റൂള്‍സ്.. എന്ന് സില്‍മാസ്‌റ്റൈലില്‍ പറഞ്ഞു കണ്ടം വഴി ഓടിക്ക്യാ തുടങ്ങിയ ഒരുജാതി ഹോബികള്‍..

അറിഞ്ഞുകൊണ്ട് ഒരാളെയും ബോഡിഷെയിമിങ് നടത്താതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. നിറമില്ലാത്തതിന്റെ, മുടിയില്ലാത്തതിന്റെ, തടി കൂടിയതിന്റെ, തടി കുറഞ്ഞതിന്റെ, മീശയും താടിയും ഇല്ലാത്തതിന്റെ ഇങ്ങനെ നീണ്ടു പോകുന്ന ‘കുറവു’കളുടെ പേരില്‍ ആരെയും കളിയാക്കരുതെന്ന് മക്കളെയും പറഞ്ഞു പഠിപ്പിക്കാറുണ്ട്.

എനിക്കും നിനക്കും അവര്‍ക്കും എല്ലാം ആരുടെയെങ്കിലും കണ്ണില്‍ എന്തെങ്കിലുമൊക്കെ കുറവുകള്‍ കാണും. പലതരം ഇന്‍സെക്ക്യൂരിറ്റീസ് ഉള്ളിലിട്ടുകൊണ്ടാണ് ഓരോരുത്തരും ജീവിക്കുന്നത്.. നമ്മളായിട്ട് ആരെയും അതൊന്നും ഓര്‍മ്മിപ്പിക്കേണ്ടതില്ല. എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം. എന്റെ ശരീരം നിങ്ങള്‍ക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കാത്ത വസ്തുവായതിനാല്‍ അതിനെ വെറുതെ വിടുക. ജീവിക്കുക.. ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക.. അത്രയേയുള്ളൂ പറയാന്‍.

”നാരങ്ങാനീരില്‍ തേന്‍ ചാലിച്ച് കഴിച്ചാലും, കുമ്പളങ്ങ ചതച്ചരച്ച് കഴിച്ചാലുമൊക്കെ തടി കുറയുമെന്ന് എനിക്കും അറിയാം, പക്ഷേ എനിക്കിഷ്ടം ഫലൂഡയാണ്”. ‘തമാശ’ എന്ന സിനിമയില്‍ ചിന്നു അത് പറഞ്ഞപ്പോള്‍ മനസ്സിലോടിവന്ന ഓര്‍മ്മകളുടെ ചെറിയൊരംശമാണ് മേല്പറഞ്ഞതെല്ലാം..

‘ഞാന്‍ ഒക്യുപൈ ചെയ്യുന്ന ഈ ചെറിയ സ്‌പേസ് നിങ്ങളെ എങ്ങനെയാ ബുദ്ധിമുട്ടിക്കുന്നതെന്ന് മനസിലാവുന്നില്ല ‘ ചിന്നു പറഞ്ഞത് പോലെ എനിക്കും അതൊട്ടും മനസിലാവുന്നില്ല. സ്വന്തം ഇഷ്ടപ്രകാരം കുറച്ചു വെയിറ്റ് കുറച്ചപ്പോള്‍ ഷുഗറുണ്ടോ എന്നൊരു ചോദ്യം കേട്ട് പണ്ടാരടങ്ങി ഇരിക്കുന്നത്‌കൊണ്ട് പ്രത്യേകിച്ചും..

‘തമാശ’ എന്ന സിനിമ ഓരോരുത്തരുടെയും മുന്നിലേക്ക് നീട്ടി വയ്ക്കുന്ന രാഷ്ട്രീയം അത്രമേല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
എന്റെ ശരീരം എനിക്ക് ‘തമാശ’യല്ല. ആയതിനാല്‍ നിങ്ങളുടെ ശരീരവും എനിക്ക് ‘തമാശ’യാകേണ്ട കാര്യമില്ല. ഈ മാര്‍ക്കിടുന്ന പരിപാടി ഒന്നു നിര്‍ത്തിന്‍ മനുഷ്യമ്മാരെ..

SHARE