ഡല്‍ഹി തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം; ബിജെപിയെ ഞെട്ടിച്ച് ബിഎംഎസ് വൈസ് പ്രസിഡന്റ് എഎപിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ബിജെപിക്ക് തിരിച്ചടി. ആര്‍എസ്എസിന്റെ തൊഴിലാളി സംഘടനയായ ബിഎംഎസിന്റെ ഡല്‍ഹി വൈസ് പ്രസിഡന്റ് ദേവ്‌രാജ് ബദാന എഎപിയില്‍ ചേര്‍ന്നത് ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. തിങ്കളാഴ്ചയാണ് ദേവ്‌രാജവും പിന്തുണക്കുന്ന പ്രവര്‍ത്തകരും എഎപിയില്‍ ചേര്‍ന്നത്.

പാര്‍ട്ടിയില്‍ ചേരുന്നതിന് മുന്‍പ് ദേവ്‌രാജും സംഘവും മുന്നോട്ടുവച്ച ഉപാധികള്‍ എഎപി അംഗീകരിച്ചു. ആര്‍എസ്എസിന്റെ ഭാഗമായ ബിഎംഎസ് ബിജെപിക്ക് ഏറ്റവും പ്രധാനപ്പെട്ടതാണെന്നും ദേവ് രാജിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എഎപി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. ഡല്‍ഹി ജല ബോര്‍ഡിലേക്കുള്ള നിയമനങ്ങളില്‍ ഉള്‍പ്പെടെ ബിഎംഎസിന്റെ നിലപാടുകള്‍ അംഗീകരിക്കണം എന്ന ആവശ്യം എഎപി അംഗീകരിച്ചു.ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി തെരഞ്ഞെടുപ്പ്. 11ന് ഫലം പുറത്തുവരും.

പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെയാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് നടക്കുന്നത്. കെജ്‌രിവാളിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ് ബിജെപി നേതൃത്വങ്ങള്‍. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ നടത്തുന്ന സ്ത്രീകളെ ആക്രമിക്കാന്‍ ബിജെപി നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്ന് ഡല്‍ഹിയില്‍ ഒരാഴ്ച്ചക്കിടയില്‍ നാലാമത്തെ ആക്രമണമാണ് നടക്കുന്നത്.

സ്ത്രീകളുടെ പ്രതിഷേധങ്ങള്‍ക്കുനേരെ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്യുന്ന ബിജെപി നേതാക്കളുടെ പ്രസംഗങ്ങള്‍ ഭയപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആക്റ്റിവസ്റ്റുകള്‍ കത്തെഴുതിയിട്ടുണ്ട്. ബിജെപി നേതാക്കളുടെ പ്രസംഗം രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. 175ഓളം ആക്റ്റിവിസ്റ്റുകളും നിരവധി വനിതാ സംഘടനകളുമാണ് മോദിക്ക് കത്തെഴുതിയിരിക്കുന്നത്.

സാമ്പത്തിക വിദഗ്ധ ദേവകി ജെയിന്‍, മനുഷ്യാവകാശ പ്രവര്‍ത്തക ലൈല ത്യാബ്ജി, മുന്‍ ഇന്ത്യന്‍ അംബാസഡര്‍ മധു ഭാദുരി, ലിംഗ സമത്വത്തിനായി പ്രവര്‍ത്തിക്കുന്ന കമല ഭാസിന്‍, എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കത്തെഴുതിയത്. ഓള്‍ ഇന്ത്യ പ്രോഗ്രസീവ് വിമന്‍സ് അസോസിയേഷന്‍ (എഐപിഡബ്ല്യുഎ), നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ (എന്‍എഫ്‌ഐഡബ്ല്യു) എന്നീ സംഘടനകളുടെ നേതാക്കളും ഉള്‍പ്പെടെയുള്ളവരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.