ട്രംപിന്റെ വിശ്വസ്ത ഹോപ് ഹിക്‌സ് രാജിവെച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തയും വൈറ്റ്ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടറുമായ ഹോപ് ഹിക്‌സ് രാജിവെച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കുന്ന യു.എസ് കോണ്‍ഗ്രസിന്റെ ഇന്റലിജന്‍സ് സമിതിക്ക് മൊഴിനല്‍കി ഒരു ദിവസം പിന്നിടുമ്പോഴാണ് രാജി.
അന്വേഷണം സംഘം അവരെ ഒമ്പത് മണിക്കൂറോളം ചോദ്യംചെയ്തതായി റിപ്പോര്‍ട്ടുണ്ട്. പ്രസിഡന്റ് ട്രംപിനോട് പലപ്പോഴും നിരുപദ്രവകരമായ കള്ളം പറഞ്ഞിട്ടുണ്ടെന്ന് ഹിക്‌സ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ട്രംപിന്റെ റഷ്യന്‍ ബന്ധത്തെക്കുറിച്ച് ഒരിക്കലും കള്ളം പറഞ്ഞിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഫലം അട്ടിമറിക്കാന്‍ റഷ്യ നടത്തിയ ശ്രമങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടക്കത്തില്‍ ഹിക്‌സ് ചിത്രത്തിലുണ്ടായിരുന്നില്ല. സമീപ കാലത്ത് മുന്‍ എഫ്.ബി.ഐ ഡയറക്ടര്‍ റോബര്‍ട്ട് മുള്ളര്‍ അന്വേഷണ ചുമതല ഏറ്റെടുത്ത ശേഷമാണ് ഹിക്‌സും നിരീക്ഷണ വലയത്തില്‍ വന്നത്. പല ചോദ്യങ്ങള്‍ക്കും അവര്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. മുന്‍ മോഡലും ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ബിസിനസ് സ്ഥാപനത്തില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറുമായി ജോലിചെയ്തിരുന്ന ഹിക്‌സ് ട്രംപിന്റെ പ്രചാരണ സംഘത്തില്‍ അംഗമായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് കമ്യൂണിക്കേഷന്‍സ് ഡയറക്ടറായി സ്ഥാനമേറ്റത്. മൂന്നു വര്‍ഷത്തോളം വിവിധ മേഖലകളില്‍ ട്രംപുമായി സഹകരിച്ചു പ്രവര്‍ത്തിച്ച ശേഷമാണ് വൈറ്റ്ഹൗസ് വിടുന്നത്. കമ്യൂണിക്കേഷന്‍സ് ഡയറക്ടറാകുന്നതിന് മുമ്പ് ട്രംപിന്റെ പ്രചാരണവിഭാഗം വക്താവായിരുന്നു. പ്രസിഡന്റ് ട്രംപിനോടുള്ള നന്ദിയും കടപ്പാടും വിവരിക്കാന്‍ വാക്കുകളില്ലെന്ന് രാജിവിവരം പ്രഖ്യാപിച്ചുകൊണ്ട് അവര്‍ പറഞ്ഞു. ഹോപ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് ട്രപും വ്യക്തമാക്കി.
ഹോപിന്റെ സേവനം തനിക്ക് നഷ്ടപ്പെടുകയാണെന്നും മറ്റേതെങ്കിലും അവസരങ്ങള്‍ തേടി പോകുകയാണെന്ന് പറഞ്ഞാണ് അവര്‍ തന്നെ സമീപിച്ചതെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ പരിചയങ്ങളൊന്നുമില്ലാത്ത ഹിക്‌സ് വൈറ്റ് ഹൗസില്‍ പ്രസ് സെക്രട്ടറിയായാണ് സേവനം തുടങ്ങിയത്. അതിനുശേഷം കമ്യൂണിക്കേഷന്‍സ് ഡയറക്ടറായി. സ്ഥാനം വഹിച്ചിരുന്ന ആന്റണി സ്‌കരാമൂച്ചി പുറത്താക്കപ്പെട്ടതിനുശേഷമാണ് ഹിക്‌സിന്റെ നിയമനം. യു.എസ് ഭരണകൂടത്തിന്റെ തന്ത്രപ്രധാനമായ പല വിവരങ്ങളും കൈകാര്യം ചെയ്തിരുന്നത് ഹിക്‌സാണ്. രാജിക്ക് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധമില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നത്.

SHARE