ജുനൈദ്; ഇത് ചോര മണമുള്ള പെരുന്നാളാണ്‌

നജീബ് കാന്തപുരം

ജുനൈദ്‌…
നിന്റെ വീട്ടിൽ മാത്രമല്ല.
വഴിക്കണ്ണുമായി, ഒരിക്കലും
മടങ്ങി വരാത്ത മക്കളെയോർത്ത്‌
നെടുവീർപ്പിടുന്ന ഉമ്മമാരുള്ളിടത്തെല്ലാം
ഇത്‌ ചോര മണമുള്ള
പെരുന്നാളാണ്‌.
നിന്റെ പുതുവസ്ത്രങ്ങളിൽ പുരണ്ട ആ ചോരത്തുള്ളികൾക്കെല്ലാം
ഫാഷിസ്റ്റുകൾ
കണക്ക്‌ പറയേണ്ടി വരുന്ന
ഒരു കാലത്തിന്‌ വേണ്ടി
ഞങ്ങൾ ക്ഷമയോടെ കാത്തിരിക്കും.
നീ മടങ്ങിപ്പോയത്‌
ഒരു ദുരന്തത്തിന്റെ ഓർമ്മയായിട്ടല്ല.
മത ഭ്രാന്തിന്റെ ജനിതക വൈകല്യത്തിനെതിരെ
തീക്കാറ്റാവാനുള്ള
ഒരു ജനതയുടെ രോഷത്തിന്‌ തീ പിടിപ്പിച്ചാണ്‌.
നിന്റെ നിസഹായതയോർത്ത്‌
ഈ രാജ്യത്തിന്റെ യഥാർത്ഥ സന്തതികൾ തലകുനിക്കുകയാണ്‌.
ഞങ്ങളുടെ സഹോദരിമാർ
ഇന്നണിയുന്ന മൈലാഞ്ചിക്ക്‌ നിന്റെ കരൾ
ചോരയുടെ ചുകപ്പാണ്‌.
മനുഷ്യത്തമില്ലാത്ത പിശാചുക്കൾക്ക്‌ മുമ്പിൽ
മരണം മുന്നിൽ കണ്ട്‌ നീ
നിലവിളിച്ച അവസാന നിമിഷങ്ങളുണ്ടല്ലോ..
അത്‌ ഈ രാജ്യത്തിന്‌ ഒരിക്കലും വീട്ടി തീർക്കാനാവാത്ത ഒരു കടമായി ചരിത്രത്തിലെന്നുമുണ്ടാകും.