ബ്ലാക് ലിവ്‌സ് മാറ്റര്‍; യു.കെയില്‍ 17-ാം നൂറ്റാണ്ടിലെ അടിമ വ്യാപാരി എഡ്വേഡ് കള്‍സ്റ്റണിന്റെ പ്രതിമ തകര്‍ത്ത് പുഴയില്‍ തള്ളി പ്രതിഷേധക്കാര്‍

ലണ്ടന്‍: ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തിന് പിന്നാലെ കറുത്തവര്‍ഗക്കാര്‍ക്ക് നീതിയാവശ്യപ്പെട്ട് നടക്കുന്ന സമരത്തില്‍ കടപുഴകി 17-ാം നൂറ്റാണ്ടിലെ അടിമ വ്യാപാരിയുടെ പ്രതിമ. ബ്രിട്ടനിലെ ബ്രിസ്റ്റോള്‍ സിറ്റി സെന്ററില്‍ സ്ഥാപിച്ചിരുന്ന എഡ്വേഡ് കള്‍സ്റ്റണിന്റെ പ്രതിമയാണ് പ്രതിഷേധക്കാര്‍ തകര്‍ത്ത് പുഴയില്‍ തള്ളിയത്. 1895 ലാണ് ഈ വെങ്കല പ്രതിമ സ്ഥാപിക്കപ്പെട്ടത്.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന തകര്‍ക്കലില്‍ പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. പ്രതിഷേധം സമാധാനപരമായിരുന്നു എന്ന് ആവോന്‍ ആന്‍ഡ് സോമര്‍സെറ്റ് പൊലീസ് സൂപ്രണ്ട് ആന്‍ഡി ബെന്നറ്റ് പറഞ്ഞു.

1680-1692 കാലയളവില്‍ ആഫ്രിക്കയില്‍ നിന്ന് 84000 ത്തോളം പേരെ അടിമവൃത്തിക്കായി കള്‍സ്റ്റണിന്റെ നേതൃത്വത്തില്‍ യു.കെയിലെത്തിച്ചു എന്നാണ് ചരിത്രം. റോയല്‍ ആഫ്രിക്കന്‍ എന്ന കമ്പനിയാണ് ഇതിന്റെ മേല്‍നോട്ടം വഹിച്ചിരുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നും കരീബിയന്‍ ദ്വീപുകളില്‍ നിന്നും ബ്രിട്ടനിലേക്കുള്ള കടല്‍ യാത്രയ്ക്കിടെ 19000 ത്തോളം പേര്‍ മുങ്ങിമരിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.

കള്‍സ്റ്റണ്‍ ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് അദ്ദേഹത്തിന്റെ പ്രതിമ ബ്രിസ്റ്റോളില്‍ സ്ഥാപിക്കപ്പെട്ടത്. എന്നാല്‍ അടിമ വ്യാപാരത്തില്‍ നിന്നാണ് ഇദ്ദേഹം ഇതിനായുള്ള പണം കണ്ടെത്തിയത് എന്ന് ചരിത്രകാരനായ ഫ്രാന്‍സിസ് ഗ്രീനക്രെ പറയുന്നു.

ഇദ്ദേഹത്തിന്റെ പ്രതിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കുറേക്കാലമായി ബ്രിസ്‌റ്റോളില്‍ സജീവമാണ്. പ്രതിമയ്ക്ക് പുറമേ, ബ്രിസ്റ്റളില്‍ കള്‍സണിന്റെ പേരില്‍ ടവറും ഹാളും സ്ട്രീറ്റും സ്‌കൂളുമുണ്ട്. വിവാദങ്ങളെ തുടര്‍ന്ന് 2017 നവംബറില്‍ കള്‍സ്റ്റണ്‍ ഗേള്‍സ് സ്‌കൂള്‍ സ്ഥാപനത്തിന്റെ പേരു മാറ്റില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സെന്റ് മേരി റെഡ്ക്ലിഫ് ആന്‍ഡ് ടെംപ്ള്‍ സ്‌കൂള്‍ കള്‍സ്റ്റണ്‍ ഹൗസ് ജോണ്‍സണ്‍ ഹൗസ് എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. അമേരിക്കന്‍ മാത്തമറ്റീഷ്യനാണ് കാതറീന്‍ ജോണ്‍സണ്‍.