സാധാരണ നിലയില്‍ റോഡില്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാറില്ല. എന്നാല്‍ കോവിഡ് ഭീതി ജനങ്ങള്‍ക്കിടയിലേക്ക് എത്രമാത്രം ആഴത്തിലെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ബീഹാറില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്ത.ബീഹാറിലെ ഓട്ടോ ഡ്രൈവറായ ഗജേന്ദ്ര ഷായ്്ക്ക് റോഡില്‍ നഷ്ടമായ പണം തിരികെ ലഭിച്ചു. ആളുകള്‍ നോട്ടില്‍ തൊടാന്‍ മടിച്ചപ്പോള്‍ ഷായ്ക്ക് തന്റെ നഷ്ടമായ 20,500 രൂപയാണ് തിരികെ കിട്ടിയത്.
സഹര്‍സ ജില്ലയിലെ മഹുവ ബസാറില്‍ നിന്ന് ടിന് ഷെഡ് വാങ്ങാനായി ശനിയാഴ്ച പുലര്‍ച്ചെ 5.30 ഓടെയാണ് 25,000 രൂപയുമായി ഷാ തന്റെ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു തൊട്ടുമുമ്പാണ് 29 കാരനായ ഗെജന്ദ്ര തന്റെ പോക്കറ്റില്‍ നിന്ന് 20,500 രൂപ നഷ്മായതായി അറിയുന്നത്. കോവിഡ് ഭയന്ന് ആളുകള്‍ റോഡില്‍ വീണ് കിടക്കുന്ന പണത്തെക്കുറിച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പോലീസെത്തി മുഴുവന്‍ തുകയും കണ്ടെടുത്തു.
രാവിലെ 7.30 ഓടെ തനിക്ക് കുറച്ച് കോളുകള്‍ ലഭിച്ചതായി ഉദകിഷ്ഗഞ്ച് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ശശി ഭൂഷണ് സിംഗ് പറഞ്ഞു. നോട്ടുകളിലൂടെ കൊറോണ വൈറസ് വ്യാപിപ്പിക്കാനുള്ള ഗൂഢാലോചനയാണിതെന്നും റോഡില്‍ കിടക്കുന്ന പണത്തെക്കുറിച്ച് അറിയിക്കാന്‍ വിളിച്ച നാട്ടുകാര്‍ പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
രാവിലെ പത്ത് മണിയോടെ ഗജേന്ദ്ര സാക്ഷികളുമായി പോലീസ് സ്റ്റേഷനില്‍ എത്തി. ഇയാളുടെ അവകാശവാദം പോലീസ് പരിശോധിക്കുകയും രേഖാമൂലം സമര്‍പ്പിക്കാന്‍ സാക്ഷികളോട് ആവശ്യപ്പെടുകയും ചെയ്തു. ഗജേന്ദ്രയുടെ അവകാശവാദം പരിശോധിച്ച പോലീസ് പണം അയാള്‍ക്ക് കൈമാറി.