അടിമുടി അഴിച്ചു പണിത് ബ്ലാസ്റ്റേഴ്‌സ്; വന്നവരും വരുന്നവരും- ഇത്തവണ കലിപ്പടക്കുമോ?

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത സീസണിനായി അടിമുടി അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സ്. എല്ലാതവണത്തെയും പോലെയല്ല, ഇത്തവണ ഒരു ബ്ലാസ്റ്റിനുള്ള തയ്യാറെടുപ്പില്‍ തന്നെയാണ് ടീം. ആവനാഴിയില്‍ ആവുന്നത്ര ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള അണിയറയിലാണ് ഇപ്പോള്‍ കൊമ്പന്മാര്‍. ഇതിന്റെ ഭാഗമായി പുതിയ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് ചുമതലയേറ്റു. പുതിയ കോച്ച് കിബു വിക്കുനയെത്തി. ടെക്‌നിക്കല്‍ ജീവനക്കാരിലും മാറ്റങ്ങളുണ്ടായി. ഉടമസ്ഥരില്‍ വരെ മാറ്റങ്ങളുണ്ടായി എന്ന ശ്രുതിയുണ്ട്. എല്ലാറ്റിലും ബ്ലാസ്‌റ്റേഴ്‌സ് മാറിക്കഴിഞ്ഞു. ഇതുവരെയുള്ള ചിത്രം ഇങ്ങനെ;

കരോലിസ് സ്‌കിന്‍കിസിന്റെ വരവ്

ലിത്വാനിയയിലെ ടോപ്പ് ഡിവിഷന്‍ ക്ലബ്ബായ എഫ്.കെ സുഡുവയുടെ സ്പോര്‍ട്ടിങ് ഡയറക്ടറായി അഞ്ച് വര്‍ഷത്തിലേറെ അനുഭവമുള്ള കരോലിസ് സ്‌കിന്‍കിസിന്റെ വരവാണ് മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത്. ചില്ലറക്കാനല്ല സ്‌കിന്‍കിസ്. ഇദ്ദേഹം ഡയറക്ടറായിരിക്കെ സുഡുവ ക്ലബ് 2017, 2018, 2019 എന്നീ വര്‍ഷങ്ങളില്‍ ലിത്വാനിയന്‍ ലീഗില്‍ ഒന്നാമതെത്തി. കൂടാതെ 2020ല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുകയും ചെയ്തു.

കരോലിസ് സ്‌കിന്‍കിസ്

ക്ലബിന്റെ വളണ്ടിയര്‍ ആയാണ് സ്‌കിന്‍കിസ് സുഡുവയിലെത്തിയത്. പിന്നീട് വക്താവായി. 2015ല്‍ സ്പോര്‍ട്ടിങ് ഡയറക്ടറും. സുഡുവയിലെ വിജയകരമായ കരിയറിന് പിന്നാലെ നിരവധി ക്ലബുകളില്‍ നിന്ന് അദ്ദേഹത്തിന് വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജനുവരിയില്‍ ഇന്ത്യയിലെത്തിയ സ്‌കിന്‍കിസ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റുമായി കരാര്‍ ഉറപ്പിക്കുകയായിരുന്നു.

പുതിയ മാനേജറായി കിബു വിക്കുന

എല്ലാം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ എന്ന മുന്‍ കോച്ച് എല്‍കോ ഷട്ടോരിയുടെ പരിഭവം പറച്ചിലിനിടൊണ് മോഹന്‍ ബഗാന്‍ മുന്‍ കോച്ച് കിബു വിക്കുനയെത്തുന്നത്. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത് എങ്കിലും ഷട്ടോരിയുടെ മികവിനെ ആരും ചോദ്യം ചെയ്തിരുന്നില്ല. പരിക്കുകളാണ് കോച്ചിന് തിരിച്ചടിയായത്. അടുത്ത സീസണിലും കോച്ചായി ഉണ്ടാകുമെന്ന പ്രതീക്ഷയ്ക്കിടെയാണ് വിക്കുനയുടെ രംഗപ്രവേശം.

കിബു വിക്കുന


മാനേജര്‍മാര്‍ വാഴുന്ന ടീമല്ല ബ്ലാസ്റ്റേഴ്‌സ്. ചുരുങ്ങിയ കാലത്തിനിടെ, ബ്ലാസ്റ്റേഴ്‌സിലെത്തിയത് ഒമ്പത് കോച്ചുമാരാണ്. ശരാശരി പരിഗണിക്കുമ്പോള്‍ ഒരു കോച്ചിന് കിട്ടിയത് 11 ടീമുകള്‍ മാത്രം. ഇതില്‍ സ്റ്റീവ് കോപ്പലിനെയാണ് ഏറ്റവും കൂടുതല്‍ വിജയം അനുഗ്രഹിച്ചത്; 41%. ഡേവിഡ് ജെയിംസിന്റെ വിജയ ശതമാനം മുപ്പത്. എല്‍കോ ഷട്ടോരിയുടേത് 22 ഉം. കേരള ടീമിനെ കളി പഠിപ്പിച്ചതില്‍ ഏറ്റവും മികച്ചവര്‍ കോപ്പലും ഷട്ടോരിയും തന്നെ. എന്നാല്‍ രണ്ടു പേര്‍ക്കും കൂടുതല്‍ കാലം കിട്ടിയില്ല. പുതിയ സ്പാനിഷ് മാനേജര്‍ എങ്കിലും ടീമില്‍ വാഴുമോ എന്നു മാത്രമേ ഇനി അറിയേണ്ടതുള്ളൂ.

സഹായിക്കാന്‍ ത്രയങ്ങള്‍

കിബുവിനൊപ്പം മികച്ച ടെക്‌നികല്‍ സംഘം കൂടിയെത്തുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. ടാക്ടിക്കല്‍-അനാലിറ്റിക്കല്‍ കോച്ചായി ഡേവിഡ് ഒച്ചാവ, ഫിസിക്കല്‍ പ്രിപറേഷന്‍ കോച്ചായി പൗളിസ് റഗൗസ്‌കസ്, അസിസ്റ്റന്റ് കോച്ചായി തോമസ് ഷോര്‍സ് ത്രയമാണ് കിബുവിനെ സഹായിക്കാനെത്തുന്നത്.

തോമസ് ഷോര്‍സ്


സ്‌പോര്‍ട്‌സ് മാനേജ്‌മെന്റില്‍ എം.ബി.എയും യുവേഫ എയുടെ ലൈസന്‍സുമുള്ള കോച്ചാണ് ഷോര്‍സ്. പോര്‍ച്ചുഗല്‍, ലിത്വാനിയ, ഇംഗ്ലണ്ട്, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ നിരവധി ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുണ്ട് ഇദ്ദേഹത്തിന്. പ്രീമിയര്‍ ലീഗ് ക്ലബ് സതാംപ്ടണില്‍ നിന്നും പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫിക്കയില്‍ നിന്നുമൊക്കെ കോച്ചിങ് പാഠങ്ങള്‍ നേടിയിട്ടുണ്ട് ഷോര്‍സ്. നേരത്തെ, കിബുവിനൊപ്പം പോളണ്ടിലെ വിസ്ല പ്ലോക് എസ്.എയിലും ലിത്വാനിയയിലെ എഫ്.കെ ത്രാകായിയിലും ഇദ്ദേഹമുണ്ടായിരുന്നു. പിന്നീട് ബഗാനിലും.
ഒരുപക്ഷേ, ഒരു ഐ.എസ്.എല്‍ ക്ലബ് ആദ്യമായാണ് ഒരു അനാലിറ്റിക്കല്‍ കോച്ചിനെ നിയോഗിക്കുന്നത്. എതിരാളികളെ മാപ്പ് ചെയ്ത് തന്ത്രങ്ങളും ശൈലിയും രൂപപ്പെടുത്തുന്നതില്‍ ഒച്ചാവക്ക് നിര്‍ണായകമായ റോളുണ്ടാകും. കഴിഞ്ഞ സീസണില്‍ പരിക്കുകളാണ് ബ്ലാസ്റ്റേഴ്‌സിനെ തളര്‍ത്തിയത്. നല്ല ഫിറ്റ്‌നസുള്ള താരങ്ങളെ ടീമിലെത്തിച്ചാല്‍ മാത്രമേ റിസല്‍ട്ടുണ്ടാക്കാന്‍ ആകൂ എന്ന ലളിത തന്ത്രമാണ് ടീം പയറ്റുക. ഇതില്‍ പൗളിസ് റഗൗസ്‌കസയുടെ മേല്‍നോട്ടം നിര്‍ണായകമാകും. സീസണ്‍ അവസാനിക്കുന്നതു വരെ സംഘത്തെ പരിക്കേല്‍ക്കാതെ സംരക്ഷിക്കുക എന്ന ഭാരിച്ച ദൗത്യമാണ് റഗൗസ്‌കയ്ക്ക് മുമ്പിലുള്ളത്.

വരുമോ സമീര്‍ നസ്രി?

ഫ്രഞ്ച് ഇന്റര്‍നാഷണല്‍ സമീര്‍ നസ്രി ബ്ലാസ്റ്റേഴ്‌സിലെത്തും എന്നതാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. വോട്ബാള്‍ 24 എന്ന ബെല്‍ജിയം മാദ്ധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ബെല്‍ജിയം ക്ലബായ അന്‍ഡര്‍ലച്തിന് വേണ്ടിയാണ് നസ്രി കളിച്ചു കൊണ്ടിരിക്കുന്നത്.

സമീര്‍ നസ്രി

ഒരു കാലത്ത് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. വമ്പന്മാരായ ആഴ്‌സണലിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും വേണ്ടി ബൂട്ടു കെട്ടിയിട്ടുണ്ട്. നടക്കുകയാണ് എങ്കില്‍ ഐ.എസ്.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിങുകളില്‍ ഒന്നായി ഇതു മാറും.

അഭ്യൂഹങ്ങള്‍ക്ക് പഞ്ഞമില്ല

ഏറ്റവും ശക്തരായവര്‍ തന്നെ ടീമിലെത്തും എന്ന അഭ്യൂഹങ്ങളാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. ജംഷഡ്പൂര്‍ എഫ്.സിയില്‍ നിന്ന് പ്രതിരോധ താരം ടിറി, ചെന്നൈയിന്‍ എഫ്.സിയുടെ ഗോള്‍ഡന്‍ ബൂട്ട് നേടിയ സ്‌ട്രൈക്കര്‍ നെരിയൂസ് വാല്‍സ്‌കിസ് എന്നിവര്‍ ടീമിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. സിറിയന്‍ പ്രതിരോധ താരം അഹ്മദ് അല്‍സല, യുറഗ്വായ് മിഡ്ഫീല്‍ഡര്‍ നിക്കോ വരേല എന്നിവരും ടീമിലെത്തിയേക്കും. സൈപ്രസ് ലീഗില്‍ കളിക്കുന്ന താരമാണ് വരേല. സല അല്‍ അറബിയുടെ താരവും.

നെരിയൂസ് വാല്‍സ്‌കിസ്

ബഗാനിലെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍മാരായ ഫ്രാന്‍ ഗോണ്‍സാലസ്, ഹോസെബ ബെയ്റ്റിയ, സെനഗല്‍ ഫോര്‍വേഡ് ബാബാ ഡിയവാറ എന്നിവര്‍ വിക്കുനയ്‌ക്കൊപ്പം ടീമിലെത്തുമെന്ന് കരുതപ്പെടുന്നു. സെവിയ്യ, ഗെറ്റാഫെ, ലാവന്റെ എന്നീ ലാലീഗ ക്ലബുകള്‍ക്കായി ബൂട്ടു കെട്ടിയ താരമാണ് ഡിയവാറ. ഐലീഗില്‍ 12 കളികലില്‍ നിന്ന് പത്തു ഗോളും ഒരു അസിസ്റ്റും നേടി. 16 കളികളില്‍ നിന്ന് പത്തു ഗോളുകളാണ് റയല്‍ മാഡ്രിഡ് അക്കാദമിയിലൂടെ വളര്‍ന്ന ഗോണ്‍സാലസിന്റെ സമ്പാദ്യം. റയല്‍ സോഷ്യഡാസിന്റെ താരമായിരുന്നു ഹോസെബാ.

ഒഗ്ബച്ചെ, മെസ്സി…

മികച്ച ഫോമിലുള്ള ഒഗ്ബച്ചെയും മെസ്സി ബൗളിയും ടീമില്‍ തുടരാനാണ് സാദ്ധ്യത. സ്പാനിഷ് താരം സെര്‍ജി സിഡോഞ്ചയുമായും ഒരു വര്‍ഷത്തെ കരാറുണ്ട്. വിദേശതാരങ്ങളില്‍ മറ്റുള്ളവരെ ക്ലബ് കൈയൊഴിഞ്ഞേക്കും എന്നാണ് റിപ്പോര്‍ട്ട്.

സഹല്‍ അബ്ദുല്‍ സമദ്

ഇന്ത്യന്‍ യുവതാരങ്ങളില്‍ മലയാളിയായ സഹല്‍ അബ്ദുല്‍ സമദ് എ.ടി.കെയിലേക്ക് കൂടുമാറുമെന്ന് സൂചനയുണ്ട്. പരിക്ക് മാറിയെത്തുന്ന സന്ദേശ് ജിങ്കന്‍ ടീമിലുണ്ടാകും. ചിര വൈരികളായ ബംഗളൂരു എഫ്.സിയില്‍ നിന്ന് നിഷു കുമാറിനെ ക്ലബ് ടീമിലെത്തിട്ടുണ്ട്. ജസല്‍ കാര്‍ണൈറോയും കൂടിയുള്ളതോടെ, കഴിഞ്ഞ സീസണില്‍ തലവേദനയായ പ്രതിരോധത്തില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടാകില്ല എന്നാണ് ക്ലബിന്റെ വിലയിരുത്തല്‍.
ഇന്ത്യന്‍ ആരോസിലെ യുവ ഗോള്‍കീപ്പര്‍ പ്രഭ്ശുഖന്‍സിങ്, ഫോര്‍വേഡ് വിക്രം പ്രതാപ്, ബഗാനില്‍ വായ്പാ അടിസ്ഥാനത്തില്‍ കളിക്കുന്ന നോഹ്ഡാബ നോറോം, റിയല്‍ കശ്മീര്‍ മദ്ധ്യനിര താരം റിതിക് ദാസ്, ബഗാന്റെ മലയാളി താരം വി.പി സുഹൈര്‍,