സമനില തെറ്റാതെ ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ 2019ലെ അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സമനില (11). പെനാല്‍റ്റിയിലൂടെയാണ് ഇരു ടീമുകളും സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിയില്‍ ഗോള്‍ നേടി കേരളം മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിച്ചു. 43ാം മിനിറ്റില്‍ നൈജീരിയന്‍ താരം ഒഗ്‌ബെച്ചേയാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടിയത്. ബോക്‌സില്‍ വെച്ച് ഒഗ്‌ബെച്ചേയെ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി ലഭിച്ചത്.

50ാം മിനിറ്റില്‍ അസമോ ജ്യാനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് സ്‌കോര്‍ നേടിക്കൊടുത്തത്. ഹാന്‍ഡ് ബോളിനാണ് നോര്‍ത്ത് ഈസ്റ്റിന് പെനാല്‍റ്റി കിക്ക് അനുവദിച്ചത്. തുടര്‍ന്ന് നിരവധി തവണ നോര്‍ത്ത് ഈസ്റ്റിന് അവസരങ്ങള്‍ ലഭിച്ചെങ്കിലും അവര്‍ക്ക് മുതലാക്കാനായില്ല. അതേ സമയം പന്ത് കൈയടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് തന്നെയായിരുന്നു മുന്നിട്ട് നിന്നത്.

ആദ്യ ഇലവനില്‍ ഇടംപിടിക്കാതിരുന്ന സ്‌െ്രെടക്കര്‍ റാഫേല്‍ മെസ്സി 39ാം മിനിറ്റില്‍ കളത്തിലെത്തി. സഹല്‍ അബ്ദുസമദിന് പകരമായിട്ടാണ് മെസ്സി കളത്തിലെത്തിയത്. ഇത്തവണ ആദ്യ ഇലവനില്‍ ഇടംപിടിച്ച സഹല്‍ അബ്ദുസമദിന് കാര്യമായ മുന്നേറ്റം നടത്താനായില്ല. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ ഒരു മാറ്റം കൂടി വരുത്തി. പരിക്കേറ്റ രാജു ഗയ്ക്വാദിന് പകരക്കാരനായി ജീക്‌സണ്‍ സിംഗ് എത്തി.

ഇന്നത്തെ സമനില ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. പത്ത് മത്സരങ്ങളില്‍ നിന്ന് നാല് തോല്‍വിയും അഞ്ച് സമനിലയും ഒരു ജയവുമായി എട്ട് പോയിന്റ് മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണിപ്പോള്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഏഴാമതും. പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനത്തില്‍ നില്‍ക്കുന്ന ഹൈദരാബാദുമായി അഞ്ചാം തിയതിയാണ് ഇനി കേരളത്തിന്റെ മത്സരം.