നാടിനെ ഭീതിയിലാഴ്ത്തിയ ബ്ലാക്ക്മാന്‍ ഒരാളല്ല 30 പേര്‍

കോഴിക്കോട്: ലോക്ഡൗണ്‍ കാലത്തു നാടിനെ ഭീതിയിലാഴ്ത്തുന്ന ബ്ലാക്മാന്‍ കഥകള്‍ക്കു പിന്നില്‍ മോഷ്ടാക്കളും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരുമെന്നു പൊലീസ്. രണ്ടാഴ്ചയ്ക്കിടെ നഗരപരിധിയില്‍ മാത്രം 30 പേരാണ് രാത്രിയില്‍ ദുരൂഹസാഹചര്യത്തില്‍ പൊലീസിന്റെ പിടിയിലായത്. ബേപ്പൂര്‍,മാറാട്,പന്തീരങ്കാവ്, നല്ലളം, കസബ സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് 30 പേരെ പൊലീസ് പിടികൂടിയത്.ലോക്ഡൗണായതിനാല്‍ പകല്‍ ഒത്തുചേരലും ലഹരിമരുന്നു കൈമാറ്റവും നടക്കാത്തതിനാല്‍ രാത്രിയില്‍ പുറത്തിറങ്ങുന്നതാണെന്നു പൊലീസ് പറയുന്നു. മോഷണശ്രമങ്ങളും ഒളിഞ്ഞുനോട്ടവും ഇതിനൊപ്പമുണ്ട്.

നഗരത്തില്‍ പലയിടത്തും അജ്ഞാതരൂപങ്ങളെ കണ്ടെന്നുള്ള പ്രചാരണം തുടങ്ങിയത് ആഴ്ച്ചകള്‍ക്ക് മുന്‍പാണ്. ജനലുകളിലും അടുക്കളവാതിലിലും മുട്ടുക, വാതില്‍ തുറക്കുമ്പോള്‍ ഓടിമറയുക. വീടുകള്‍ക്കു നേരെ കല്ലും വടികളും എറിയുക, പൈപ്പ് തുറന്നിടുക തുടങ്ങിയവയായിരുന്നു അജ്ഞാതരുടെ കലാപരിപാടികള്‍. ഒരേ സമയത്ത് പല സ്ഥലങ്ങളില്‍ കണ്ടതിനാല്‍ ഒന്നിലേറെ ആളുകളുണ്ടെന്നും കഥകള്‍ പരന്നു.

ഭീതിയിലായ നാട്ടുകാര്‍ രാത്രി ഉറക്കമൊഴിച്ചു കാവല്‍ നിന്നതോടെ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടു. ബ്ലാക്മാനെ പിടികൂടാനായി വാട്‌സാപ് ഗ്രൂപ്പുകള്‍ വരെയുണ്ടായി. രാത്രിയില്‍ ബ്ലാക്മാനെ പിടികൂടാനെന്ന പേരില്‍ ലോക്ഡൗണ്‍ ലംഘിച്ചു പുറത്തിറങ്ങി കൂട്ടംകൂടി നിന്നവര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തു. നാട്ടുകാരുടെ പരാതി വ്യാപകമായതോടെ പൊലീസ് പരിശോധന കര്‍ശനമാക്കി.പന്തീരങ്കാവില്‍ പിടിയിലായ യുവാവിന്റെ മുറിയില്‍ നിന്നു കറുത്ത മുഖംമൂടിയും വസ്ത്രങ്ങളും കണ്ടെത്തി. പിടിയിലായവര്‍ക്കെതിരെ ലോക്ഡൗണ്‍ ലംഘിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്.

SHARE